ജില്ലയില്‍ അനധികൃത ക്വാറികള്‍ പെരുകുന്നു

0
10

വേങ്ങര: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത കരിങ്കല്‍ ക്വാറികള്‍ പെരുകുന്നു. പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കരിങ്കല്‍ ഖനനത്തിനെതിരെ പരാതികള്‍ ഉയരുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
ജില്ലയില്‍ മാത്രം ഏതാണ്ട് 750 അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം 200 ല്‍താഴെ ക്വാറികള്‍ മാത്രമാണ് നിയമാനുസൃതമായ ലൈസന്‍സുകളുമായി പ്രവര്‍ത്തിക്കുന്നത്. കരിങ്കല്‍ പൊട്ടിച്ചെടുക്കുന്ന ക്വാറികള്‍, അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷറുകള്‍, യാര്‍ഡുകള്‍ എന്നിവക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലൈസന്‍സുകള്‍ ആവശ്യമാണെന്നിരിക്കെ ഒരു നിയമവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളും അനുബന്ധ സ്ഥാപനങ്ങളുമാണ് ജില്ലയില്‍ കൂടുതലുള്ളത്. സര്‍ക്കാരിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയാണ് ഈ രംഗത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളിലാണ് അനധികൃത ക്വാറികളിലേറെയും പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം ക്വാറികള്‍ക്കെതിരെ ജനരോഷം ശക്തമാകാറുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് പ്രതിഷേധം ഇല്ലാതാക്കുകയാണ് പതിവെന്ന് ആരോപണമുണ്ട്.വേങ്ങര മേഖലയിലെ പ്രകൃതി സുന്ദരമായ മലകളിലേറെയും അനധികൃത ക്വാറികള്‍ വന്നതോടെ ഇല്ലാതായി. കനത്ത പരിസ്ഥിതി പ്രശ്നങ്ങളാണ് ഇതുയര്‍ത്തുന്നത്. പ്രദേശവാസികളുടെ ജീവന് വലിയ വെല്ലുവിളികളാണ് ഇവിടെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി തൊഴിലാളികള്‍ ഈ ക്വാറികളില്‍ ജോലിക്കിടെ മരിക്കുന്നുമുണ്ട്. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കേണ്ട റവന്യു,ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ പരിശോധന നടത്തുന്നതിനോ നടപടിയെടുക്കുന്നതിനോ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കനത്ത നികുതി നഷ്ടമാണ് വരുന്നതെങ്കിലും ജി.എസ്.ടി.വകുപ്പ് അധികൃതരും ഈ മേഖലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. പ്രളയത്തെ തുടര്‍ന്ന് പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാറപൊട്ടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറുകുന്നില്ലന്ന പരാതിയും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here