ജോസഫും മാണിയും പോരു തുടരവേ ചൊവ്വാഴ്ച യു.ഡി.എഫ് ചര്‍ച്ച

0
5

ജിബി സദാശിവന്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യവും സന്നദ്ധതയും പരസ്യമാക്കി കേരളം കോണ്‍ഗ്രസ് നേതാവ് പി. ജെ. ജോസഫ് മുന്നണിക്കുള്ളില്‍ പുതിയ പോര്‍മുഖം തുറന്നു. ഇന്ന് യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ കൊച്ചിയില്‍ നടക്കാനിരിക്കെ ജോസഫ് നിലപാട് കടുപ്പിച്ചത് കോണ്‍ഗ്രസിനെയും മുന്നണിയെയും സമ്മര്‍ദ്ദത്തിലാക്കി. മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലികുട്ടി ഇടപെട്ടിട്ടും ജോസഫ് നിലപാട് മാറ്റാതെ തുടരുകയാണ്. മരുമകളായി നിഷയെ മത്സരിപ്പിക്കാന്‍ കെ. എം മാണി ശ്രമിക്കുന്നതാണ് ജോസഫ് ഗ്രൂപ്പിനെ കടുത്ത നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അച്ഛന്‍ എം എല്‍ എ, മകന്‍ എം.പി, ഇനി മരുമകളെയും കൂടി എം പി ആക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കാന്‍ ആവില്ലെന്ന് ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവ് വ്യക്തമാക്കി. കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് പി. ജെ. ജോസഫ് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യം രാഹുല്‍ഗാന്ധിയെ അറിയിച്ചുവെന്നും ജോസഫ് പരസ്യമായി പറഞ്ഞതിലൂടെ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിലേക്ക് കോണ്‍ഗ്രസിനെയും ഭാഗമാക്കാന്‍ ജോസഫിന് കഴിഞ്ഞു. ഇടുക്കിയും ചാലക്കുടിയും കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളുമാണ്. രണ്ടു മണ്ഡലങ്ങളും തിരിച്ചു പിടിക്കുകയെന്നത് അഭിമാനപോരാട്ടമായാണ് കോണ്‍ഗ്രസ് കാണുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോട്ടയം മാത്രമേ കിട്ടുകയുള്ളു എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജോസഫിന്റെ നീക്കം. കോട്ടയമോ ഇടുക്കിയോ ലഭിച്ചാലും മത്സരിക്കാന്‍ തന്നെയാണ് ജോസഫ് ഒരുങ്ങുന്നത്. യു. പി. എ അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ നിന്നും മന്ത്രിയാകാമെന്ന മോഹവും ജോസഫിനുണ്ട്. കശ്മീര്‍ – കന്യാകുമാരി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ആവശ്യം ആദ്യം ഉന്നയിച്ചത് താനാണെന്നും എം. പിയായാല്‍ അത് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും കേന്ദ്രമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടുള്ളതാണ്. വര്‍ഷങ്ങളായി കേന്ദ്രമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടു നടക്കുന്ന ജോസ് .കെ മാണിക്ക് ജോസഫ് എം. പി യാകുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. അത് കൊണ്ട് തന്നെ പാര്‍ട്ടി പിറന്നാളും വേണ്ടില്ല ജോസഫിനെ മത്സരിപ്പിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് മാണിയും മകനും.

കോട്ടയത്ത് എത്തിയ മുല്ലപ്പള്ളി, സീറ്റ് വിഷയത്തില്‍ കെ.എം. മാണി, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് എത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രണ്ടാം സീറ്റെന്ന പിടിവാശി കേരള കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുല്ലപ്പള്ളി നിലപാട് കടുപ്പിച്ചതോടെ കോട്ടയം സീറ്റില്‍ പിടിമുറുക്കാന്‍ ജോസഫ് തീരുമാനിക്കുകയായിരുന്നു.

പി.ജെ. ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നല്‍കി മാണി ഗ്രൂപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടരുന്നു. ജോസ്.കെ. മാണിയുടെ ഭാര്യ നിഷയെ കോട്ടയത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ജോസഫ് വിഭാഗം പാര്‍ട്ടിവിട്ട് പോകണമെന്ന കടുത്ത നിലപാടിലേക്ക് മാണി വിഭാഗവും എത്തിയതായാണ് സൂചന. ഇതോടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കേണ്ടത് യു.ഡി.എഫിന്റെ ഉത്തരവാദിത്വമായി.

LEAVE A REPLY

Please enter your comment!
Please enter your name here