സമുദായസംഘടനകള്‍ വോട്ട് ചെയ്തിട്ടല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത്: കാനം

0
6

മലപ്പുറം: സമുദായസംഘടനകള്‍ വോട്ട് ചെയ്തിട്ടല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മലപ്പുറത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എല്‍ഡിഎഫും എന്‍എസ്എസും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കാനം.
സാമുദായിക സംഘടനാ നേതൃത്വത്തിന്റെ നിലപാടനുസരിച്ചല്ല അംഗങ്ങള്‍ വോട്ട് ചെയ്യുന്നത്. വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടതില്‍ തെറ്റില്ല.
മറ്റൊരു ചടങ്ങിനു പോയപ്പോള്‍ വെള്ളാപ്പള്ളിയെയും കുടുംബത്തെയും കാണുക മാത്രമാണ് അവര്‍ ചെയ്തതെന്നും കാനം പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അന്യായമായി പരോള്‍ നല്‍കുന്നതായുള്ള ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോള്‍, ജയിലില്‍ കിടക്കുന്നവര്‍ക്കും മനുഷ്യാവകാശമുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.എല്ലാവര്‍ക്കും അത്തരം അവകാശങ്ങള്‍ ലഭിക്കണമെന്നാണ് അഭിപ്രായം.
തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് പുതിയ വിശേഷമായി എടുക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.അതേസമയം ടി.പി. കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് സഹായം കിട്ടുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here