എടവണ്ണയില്‍ ബസ്സ് ഇടിച്ച് വിദ്യാര്‍ത്ഥിയും യാത്രക്കാരായ രണ്ട് സ്ത്രീകളും മരിച്ചു

0
2

എടവണ്ണ: എടവണ്ണയില്‍ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയും ബസ് യാത്രക്കാരായ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും മരിച്ചു. ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. എടവണ്ണ പത്തപ്പിരിയം പോത്തുവെട്ടിയിലെ പ്രെട്രോള്‍ പമ്പ് ഉടമ നീരുല്‍പന്‍ ഉണ്ണിക്കമ്മദിന്റെ മകന്‍ ഫര്‍ഷാദാ(18), ബസ് യാത്രക്കാരി ഗൂഡല്ലൂര്‍ ഓവാലി സ്വദേശികളായ വകയില്‍ ഫാത്തിമ (66), സുബൈറ(40) എന്നിവരാണ് മരിച്ചത്. നിലമ്പൂര്‍ പീവിസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഫര്‍ഷാദ്.
സംഭവ സ്ഥലത്ത് തന്നെ മരണം സഭവിച്ചിരുന്നു. മറ്റു രണ്ടു പേരെയും മഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിലെ മുന്‍വശത്തെ സൈഡ് സീറ്റിലായിരുന്നു ഇവര്‍ ഇരുന്നത്. സീഫോര്‍ത്ത് രണ്ടാം നമ്പരിലെ വാകയില്‍ ഷാജഹാന്റെ മാതാവും സഹോദരിയുമാണിവര്‍. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആണുള്ളത്.
കോഴിക്കോട്-വഴിക്കടവ് റൂട്ടിലോടുന്ന സന ബസ്സാണ് അപകടത്തില്‍പെട്ടത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.കുണ്ടുതോട് സിഎന്‍ജി റോഡിലെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ്സ് ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
അമിത വേഗതയില്‍ മഞ്ചേരി ഭാഗത്ത് നിന്നെത്തിയ ബസ് ലോറിയെ മറികടക്കുന്നതിനിടെ നിലമ്പൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here