ഇരുമുന്നണികളിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്; നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്

0
12

തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചകള്‍ സജീവമായി. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. സിപിഐയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്നുണ്ടായേക്കും.

സിപിഎം, സിപിഐ സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കാന്‍ എട്ടിന് ഇടതു മുന്നണി നേതൃ യോഗം ചേരും. സിപിഎം, സിപിഐ കേന്ദ്ര, സംസ്ഥാന നേതൃ യോഗങ്ങള്‍ക്കു ശേഷമാണ് ഇതെന്നതിനാല്‍ പട്ടിക സംബന്ധിച്ച പ്രഖ്യാപനം ഇതേ യോഗത്തില്‍ പ്രതീക്ഷിക്കുന്നു. തര്‍ക്കങ്ങളില്ലാത്ത സീറ്റുകളുടെയെല്ലാം കാര്യത്തില്‍ അതിനു മുന്‍പേ എല്‍ഡിഎഫ് തീരുമാനമെടുക്കും.

തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രണ്ട് മേഖലാ ജാഥകള്‍ക്കു ശനിയാഴ്ച തൃശൂരില്‍ സമാപനമായതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് ഇടതു പാര്‍ട്ടികള്‍ കടന്നു. സിപിഐയുടെ നാല് സീറ്റുകളെക്കുറിച്ച് ഇന്നു നേതൃ യോഗങ്ങള്‍ തീരുമാനമെടുക്കും. നാളെ ഡല്‍ഹിയിലാരംഭിക്കുന്ന സിപിഐ ദേശീയനിര്‍വാഹക സമിതിയുടെ അംഗീകാരത്തിനു പട്ടിക സമര്‍പ്പിക്കും. ഇന്നു സമാപിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം നാളെയും മറ്റന്നാളും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഏഴ്, എട്ട് തീയതികളിലാണു സംസ്ഥാന കമ്മിറ്റി.

കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംപിമാരെയും മത്സരിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ തോറ്റ എട്ട് മണ്ഡലങ്ങള്‍ ഉള്‍പ്പടെ ഒമ്പത് ഇടത്ത് ഇത്തവണ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയേക്കും. സിറ്റിങ് എം പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, കെ വി തോമസ്, എം കെ രാഘവന്‍, പത്തനംതിട്ട ഡിസിസിയില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ആന്റോ ആന്റണി എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന നിലപാടില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടരുന്നുണ്ടെങ്കിലും വടകരയില്‍ നിന്ന് മറ്റാരുടേയും പേര് ഡിസിസി നല്‍കിയിട്ടില്ല.

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അവകാശവാദവുമായി രംഗത്തെത്തിയതോടെ വയനാട് മണ്ഡലത്തിലെ പേരുകള്‍ നല്‍കേണ്ടെന്നാണ് ഡിസിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എം എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, വിവി പ്രകാശ്, കെ സി അബു തുടങ്ങിവരാണ് രംഗത്തുള്ളത്. ഇതില്‍ ടി സിദ്ദിഖിനാണ് കൂടുതല്‍ സാധ്യത എന്നാണ് സൂചന. കാസര്‍കോഡ് ജില്ലാ കമ്മറ്റി നല്‍കിയ പട്ടികയില്‍ ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നില്‍, എ പി അബ്ദുള്ളക്കുട്ടി, സുബ്ബയ്യറായ് എന്നിവരാണുള്ളത്.

കെ സുധാകരനേയും സതീശന്‍ പാച്ചേനിയേയുമാണ് കണ്ണൂരില്‍ പരിഗണിക്കുന്നത്. വി കെ ശ്രീകണ്ഠന്‍, എം ചന്ദ്രന്‍ എന്നിവരെ പാലക്കാടും സുനില്‍ ലാലൂര്‍, സുധീര്‍ പള്ളുരുത്തി, കെ എ തുളസി എന്നിവരെ ആലത്തൂരും പരിഗണിക്കുന്നു. വി എം സുധീരന്‍, ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെ പേരുകള്‍ തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.

കെ പി ധനപാലനാണ് ചാലക്കുടി മണ്ഡലത്തില്‍ പരിഗണിക്കുന്ന മറ്റൊരു വ്യക്തി. ഡീന്‍ കുര്യാക്കോസ്, ഡോ നിജി ജസ്റ്റിന്‍ എന്നിവര്‍ തൃശൂരില്‍ നിന്നുള്ള പട്ടികയിലുണ്ട്. ഡീന്‍ കുര്യാക്കോസ്, റോയ് കെ പൗലോസ്, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പട്ടികയാണ് ഇടുക്കി ജില്ലാകമ്മറ്റി നല്‍കിയത്.

ജനതാദള്‍ രണ്ടായി പിളര്‍ന്നപ്പോള്‍ കൂടെ നിന്നവരെ ശക്തിപ്പെടുത്താനായാണ് 2014ല്‍ അവര്‍ക്കു സീറ്റു നല്‍കിയത്. ഇപ്പോള്‍ രണ്ടു ദളുകളും എല്‍ഡിഎഫില്‍ എത്തിക്കഴിഞ്ഞു. അതിനാല്‍ ഇക്കുറി അവര്‍ക്കു ലോക്‌സഭാ സീറ്റു നല്‍കണമോയെന്നതു സംബന്ധിച്ചു വ്യത്യസ്താഭിപ്രായം സിപിഎമ്മിനു മുന്നിലുണ്ട്. എംപി വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണി വിട്ടപ്പോള്‍ ഉള്‍പ്പെടെ സിപിഎമ്മിനൊപ്പം ഉറച്ചുനിന്ന തങ്ങളെ അവഗണിക്കരുതെന്ന ആവശ്യമാണു ദളിന്റേത്. സീറ്റ് നിഷേധിച്ചാല്‍ ഏക മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടിയെ പിന്‍വലിപ്പിക്കുന്നതടക്കം ആലോചിക്കുമെന്ന മുന്നറിയിപ്പ് ഒരു വിഭാഗം നേതാക്കള്‍ നല്‍കുന്നു. അതേസമയം സീറ്റിന്റെ കാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ജനതാദള്‍ (എസ്) ഇന്ന് കൊച്ചിയില്‍ അടിയന്തര നേതൃ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചയ്ക്കു ശേഷം സംസ്ഥാന സമിതിയും ചേരും.

എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം വേണ്ടെന്ന ജനതാദളിന്റെ (എസ്) നിലപാട് സിപിഎം ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. കോട്ടയത്തു മത്സരിക്കാനുളള താത്പര്യം സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

എന്‍സിപി, ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍ എന്നിവയും സീറ്റ് ചോദിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സിപിഎമ്മിനു ജയിക്കാന്‍ തങ്ങളുടെ കനിവു വേണമെന്നു ചൂണ്ടിക്കാട്ടി ഇവിടെ സമ്മര്‍ദമുണ്ടാക്കുകയാണ് എന്‍സിപി. കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞു മടങ്ങിയെത്തുന്ന സിപിഎം നേതാക്കള്‍ മറ്റു കക്ഷികളുമായി പ്രത്യേക ചര്‍ച്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here