ലൂസിഫറില്‍ ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍; പോസ്റ്റര്‍ പുറത്തിറങ്ങി

0
4

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രമുഖ സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 26 ദിവസങ്ങളായി 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ അതില്‍ 15ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന പ്രധാനകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. ഇതേ കുടുംബത്തില്‍ നിന്നുള്ള വൈദീകനാണ് ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പിള്ളി എന്നാണ് സൂചനകള്‍ നല്‍കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ‘എസ്തപ്പാനെ… ഇനി ഒരു മടക്കമില്ലെങ്കില് ഒന്ന് കുമ്പസരിച്ചിട്ട് മനസ്സ് ശുദ്ധിയാക്കീട്ട് പോ…’ എന്ന ചിത്രത്തിന്റെ ടീസറിലെ ഡയലോഗ് വൈറലായിരുന്നു. ഇത് ഫാസിലിന്റെ കഥാപാത്രമാണ് പറയുന്നതെന്നാണ് കരുതുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ തിരശീലയ്ക്ക് മുന്നിലേക്ക് എത്തുന്നത്. 33 വര്‍ഷം മുന്‍പ് ഇറങ്ങിയ നോക്കത്താദൂരത്ത് കണ്ണും നട്ട്എന്ന ചിത്രത്തിലാണ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്നത്. കൂടാതെ ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ ഉള്‍പ്പടെയുള്ള നാല് ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തു. ഫാസില്‍ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി ഫാസില്‍ എത്തുന്നുണ്ട്.

മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിന്റെ മുന്‍പ് ഇറങ്ങിയ പോസ്റ്ററുകളെല്ലാം വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here