കാനായിയുടെ ‘യക്ഷി’ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍

0
30

അജയകുമാര്‍
മലമ്പുഴ ഉദ്യാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന യക്ഷിയെന്ന പ്രതിമയ്ക്ക് അന്‍പതു വയസ്സും പ്രതിമാകാരനായ കാനായി കുഞ്ഞിരാമന് എണ്‍പത്തി ഒന്ന് വയസ്സും തികയുന്നതിനാല്‍ കേരള ലളിതകലാ അക്കാദമി ഫെബ്രുവരി 26-ാം തീയതി മുതല്‍ മാര്‍ച്ച് 9-ാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ‘യക്ഷിയാനം’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. വിളംബര ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ ദേശീയ ചിത്ര-ശില്പ (ആദിവാസി-പരമ്പരാഗത-ഗോത്ര-നാടന്‍-ആനുകാലിക-ചുവര്‍ചിത്ര) ക്യാമ്പ്, സെമിനാറുകള്‍, പൊതുയോഗങ്ങള്‍, നൃത്തസംഗീത കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. പന്ത്രണ്ട് ദിവസത്തെ മേളയാണ് യക്ഷിയാനം. ഇതിനായി അന്‍പതുലക്ഷം രൂപ കേരള ലളിതകലാ അക്കാദമി ചെലവഴിക്കും.

തിരുവനന്തപുരത്ത് കഴിഞ്ഞവര്‍ഷം ഇതേ പ്രതിമയ്ക്ക് അന്‍പത് വയസ്സാകാന്‍ പോകുന്നതിന്റെയും കാനായി കുഞ്ഞിരാമന് എണ്‍പതുവയസ്സു തികഞ്ഞതിന്റെയും അനുമോദനാര്‍ത്ഥം ഒരാഴ്ച നീണ്ടുനിന്ന ഒരു മേള സാംസ്‌കാരിക വകുപ്പിലെ ഒരു സ്ഥാപനമായ ഭാരത് ഭവനും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു.

ഇരുപത്തിയഞ്ചും അന്‍പതും നൂറുമൊക്കെ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹിത്യ-കലാസൃഷ്ടികളെ ആദരിക്കുന്ന ചടങ്ങുകളും സെമിനാറുകളും തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒന്നാണ്. ഒരു പ്രദേശത്തിന്റെയും സമൂഹത്തിന്റെയും ജീവിതവുമായി ആഴത്തില്‍ ഇഴുകിച്ചേരുകയും നവീനമായ ആവിഷ്‌കാരഭാഷ സൃഷ്ടിക്കുകയും ചെയ്ത കലാസൃഷ്ടികള്‍ എന്ന നിലയിലാണ് ഇവയൊക്കെ ആദരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. നാലുകെട്ട്, വീണപൂവ്, ഖസാക്കിന്റെ ഇതിഹാസം, സ്വയംവരം, ആള്‍ക്കൂട്ടം തുടങ്ങിയവയൊക്കെ ഇരുപത്തിയഞ്ചോ അന്‍പതോ വര്‍ഷങ്ങള്‍ക്കുശേഷം ആദരിക്കപ്പെടുമ്പോള്‍ അവ പ്രതിനിധീകരിച്ച മൂല്യങ്ങളും മൂല്യനിരാസങ്ങളും പുനര്‍ചിന്തനം ചെയ്യപ്പെടുന്നു എന്നത് ഒരു വസ്തുത തന്നെയാണ്.

കേരളത്തിലെ ഒരു പൊതു ഉദ്യാനത്തില്‍ നിര്‍മ്മിച്ചുവെച്ചിരിക്കുന്ന ഒരു നഗ്‌നസ്ത്രീരൂപമാണ് യക്ഷിയെന്ന പ്രതിമ. കേരളത്തില്‍ നിരവധി നഗ്‌നസ്ത്രീപ്രതിമകള്‍ വേറെയും ഉണ്ട്. അവയെല്ലാം മാറ്റിനിര്‍ത്തി ആലോചിച്ചാലും ഇക്കഴിഞ്ഞ അന്‍പതുവര്‍ഷം ഈ പ്രതിമ ഏതു സാംസ്‌കാരികമൂല്യമാണ്, സംവേദനഭാഷയാണ്, പ്രമേയമാണ് ഉത്പാദിപ്പിച്ചിട്ടുള്ളത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്; പ്രത്യേകിച്ചും ഇത്ര വിപുലമായ ആഘോഷങ്ങള്‍ ഔദ്യോഗികമായി നടക്കുന്ന വേളയില്‍.

നഗ്‌നരൂപങ്ങളും സമൂഹവും

സ്ത്രീ-പുരുഷ നഗ്‌നരൂപങ്ങള്‍ ചിത്ര-ശില്പകലകളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഒന്നാണ്. ശ്ലീലം, അശ്ലീലം എന്നീ വിവക്ഷകളൊന്നുമില്ലാതെ തന്നെ അവ മ്യൂസിയങ്ങളിലും സ്വകാര്യ ശേഖരങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഒരു സ്ത്രീയുടെ നഗ്‌നശരീരം ഇത്രമാത്രം ഒരു പൊതുസ്ഥലത്ത് നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കപ്പെടുന്നതും അത് ആഘോഷിക്കപ്പെടുന്നതും കേരളത്തില്‍ മാത്രമാണെന്നു പറയാം.

യക്ഷിക്കുശേഷം നമ്മുടെ പൊതുസ്ഥലത്തുവന്ന സ്ത്രീശരീരങ്ങളൊന്നും ഇത്രമാത്രം ‘ഹിറ്റാവാതെ പോയത് അവയ്ക്കൊന്നും തുറന്നുവച്ച തുടകളും ഉയര്‍ത്തിപ്പിടിച്ച കൈകളും മുലകളും ഇല്ലാത്തതിനാലാണെന്ന് നിസ്സംശയം പറയാം. അവ കുറേക്കൂടി ‘പോര്‍ണോഗ്രാഫി’ക് അംഗവിക്ഷേപങ്ങളില്‍ നിന്നകന്നു നില്‍ക്കുന്നു. മലമ്പുഴയിലെ പ്രതിമയെക്കാളും വിസ്തൃതവും വലുതുമായ മറ്റൊരു നഗ്‌നശരീരം പിന്നീട് നിര്‍മ്മിക്കപ്പെട്ടത് ശംഖുമുഖം കടപ്പുറത്താണ്. മലമ്പുഴയിലേത് ഇരിക്കുന്ന നഗ്‌നരൂപമാണെങ്കില്‍ ശംഖുമുഖത്തേത് മലര്‍ന്നു ചരിഞ്ഞുകിടിക്കുന്ന ശരീരമാകുന്നു.

ഇവിടെ പരാമര്‍ശിക്കപ്പെട്ട പ്രതിമകളെല്ലാം തന്നെ നിര്‍മ്മിച്ചത് പൊതുഖജനാവില്‍നിന്നുള്ള നിര്‍ലോഭമായ ധനവും പൊതുസ്ഥലവും ഉപയോഗിച്ചാണെന്നത് ഒരു വസ്തുതയായിരിക്കെ, ‘പൊതുബോധവും കാനായിശില്പങ്ങളും’ എന്ന ഒരു വിഷയത്തില്‍ സെമിനാറു നടത്തുന്നതിന് പ്രസക്തിയുണ്ട്. പൊതുഖജനാവ് എന്നുകൂടി ചേര്‍ത്താല്‍ കൂടുതല്‍ അര്‍ത്ഥവത്തായി.

എന്നാല്‍, അന്‍പതുവര്‍ഷം മുന്‍പ് കേരളത്തിന്റെ പൊതു ധൈഷണികമണ്ഡലം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ‘ആള്‍ക്കൂട്ടം’, ‘ഖസാക്കിന്റെ ഇതിഹാസം’, ‘ഉഷ്ണമേഖല’, ‘കാലം’, ‘ദല്‍ഹി’ തുടങ്ങിയ നിരവധി ആഖ്യായികകളിലും അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, പി, ഇടശ്ശേരി തുടങ്ങിയവരുടെ കവിതകളിലൂടെയും ചെമ്മീന്‍, സ്വയംവരം തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും കെ.സി.എസ്.പണിക്കര്‍, എ. രാമചന്ദ്രന്‍, പത്മിനി, നമ്പൂതിരി, മാധവമേനോന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെയുമാണ്. ഒരു ശില്പത്തിലൂടെയല്ല എന്ന് അസന്ദിഗ്ദ്ധമായി ഇവിടെ പറയട്ടേ; ഏതു സര്‍ക്കാര്‍ സംരക്ഷിത പരിപാടിയായാലും.

ഇത്തരം ആഘോഷങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടേണ്ടതുണ്ട്.

1. ഒരു മാസം മുന്‍പ് പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചേര്‍ന്ന കാനായി, ഈ പ്രതിമയുടെ ലോഹത്തിലുള്ള ഒരു പതിപ്പ് നിര്‍മ്മിക്കണമെന്നും അതിന് 50 ലക്ഷം രൂപ ചെലവുവരുമെന്നും അറിയിക്കുന്നു. അതൊരു പദ്ധതി പ്രൊപ്പോസലായി തന്നാല്‍ പരിഗണിക്കാമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിക്കുകയും ചെയ്യുന്നു. (വാര്‍ത്ത)

അന്‍പലതുലക്ഷം രൂപ ചെലവുചെയ്ത് ഈ പ്രതിമ ലോഹത്തില്‍ നിര്‍മ്മിക്കുമ്പോള്‍ അത് എവിടെയാവും പ്രതിഷ്ഠിക്കുന്നത്? അതിനായി പ്രത്യേകസ്ഥലവും ഫണ്ടും വീണ്ടും കണ്ടെത്തണമെന്നു മാത്രമല്ല, സംസ്ഥാനത്ത് ഒരു നഗ്‌നശരീരപ്രതിമ കൂടി ഉണ്ടാകുവാന്‍ പോകുന്നുവെന്നും, അത് മറ്റുള്ളവര്‍ക്ക് കൂടുതല്‍ നഗ്‌നപ്രതിമകള്‍ ചെയ്യുവാന്‍ പ്രോത്സാഹനം കൊടുക്കുമെന്നും പ്രതീക്ഷിക്കാതെ വയ്യ.

ചുരുക്കത്തില്‍ ഒരു പ്രതിമയ്ക്ക് അന്‍പതു വയസ്സറിയിക്കുന്നതോടുകൂടി സംസ്ഥാന ഖജനാവില്‍നിന്ന് 50 ലക്ഷം ലളിതകലാ അക്കാദമി ആഘോഷം + 50 ലക്ഷം ലോഹനിര്‍മ്മാണം + 10 ലക്ഷം ഭാരത് ഭവന്‍, ലളിതകലാ അക്കാദമി (2018) എന്നിവയോടൊപ്പം ഒരു മാസം മുന്‍പു തുടങ്ങിയ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഒന്നേകാല്‍ കോടി രൂപ ചെലവാകുന്നു (ആയിരം കിലോയ്ക്കും ഏറിയാല്‍ രണ്ടായിരം കിലോയ്ക്കും ഇടയ്ക്ക് ലോഹം വേണ്ടിവന്നാല്‍ത്തന്നെ പ്രതിമ ലോഹത്തില്‍ വാര്‍ത്തെടുക്കാന്‍ 15 ലക്ഷത്തിനും കൂടിയാല്‍ 30 ലക്ഷത്തിനും ഇടയിലുള്ള ചെലവേ ഉണ്ടാവുകയുള്ളൂ).

2. ഒരു പ്രളയത്തിന്റെ ആഘാതവും കെടുതികളും ഏറ്റുവാങ്ങിയ പാലക്കാടന്‍ നഗരപ്രാന്തത്തില്‍ അന്‍പതുലക്ഷം ചെലവാക്കി ഒരു പ്രതിമയുടെ അന്‍പതാം ‘പിറന്നാളും’ ശില്പിയുടെ എണ്‍പത്തിയൊന്നാം പിറന്നാളും ആഘോഷിക്കപ്പെടേണ്ടതുണ്ടോ? മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും മറ്റ് അധികാര കേന്ദ്രങ്ങളുമായി അടുത്തുനില്‍ക്കുന്നവരും അടങ്ങുന്ന ഒരു വന്‍ സന്നാഹം ഇവിടെ ഒരു ‘കലാസൃഷ്ടി’യുടെ പൊതുബോധത്തെ നിര്‍മ്മിക്കുവാന്‍ ദിനംപ്രതി പങ്കെടുക്കേണ്ടതുണ്ടോ?

3. 1829 മുതല്‍ 1859 വരെയുള്ള നീണ്ട കാലഘട്ടത്തില്‍ വസ്ത്രം ധരിക്കുവാനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് 1915 വരെ മാറുമറയ്ക്കാന്‍ കാത്തിരുന്ന ഒരു സ്ത്രീസമൂഹമായിരുന്നു കേരളത്തിലേത്. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കും മുന്‍പുതന്നെ വസ്ത്രം ധരിച്ച സ്ത്രീകളെ വരച്ച രവിവര്‍മ്മയെന്ന ചിത്രകാരന്‍ ജനിച്ച നാടാണ് കേരളം. മഹാലക്ഷ്മിക്കും, സരസ്വതിക്കും സാരിയുടുപ്പിച്ചു വസ്ത്രം കൊണ്ടുമൂടിയ രവിവര്‍മ്മയെ അന്നത്തെ യാഥാസ്ഥിതികരുടെ പൊതുബോധം എതിര്‍ത്തിരുന്നുവെന്നും കലാചരിത്രം നമ്മെ പഠിപ്പിക്കുന്നു. കാട്ടുജാതിക്കാരെ വരയ്ക്കുമ്പോള്‍പോലും അരയില്‍ വസ്ത്രം ചുറ്റി മറച്ച രവിവര്‍മ്മയെന്ന കലാകാരന്റെ വസ്ത്രം ധരിച്ച സ്ത്രീചിത്രങ്ങള്‍ ആഘോഷിക്കപ്പെടാതെ വസ്ത്രമേയില്ലാത്ത ഒരു പ്രതിമ ആഘോഷിക്കപ്പെടുന്നെങ്കില്‍ ആ സമൂഹത്തിന് സാരമായ എന്തോ കുഴപ്പമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.

4. പാര്‍ക്കില്‍ പന്തലുകെട്ടി അത്തപ്പൂക്കള മത്സരമോ കുട്ടി ചിത്രകലാമത്സരമോ സംഘടിപ്പിക്കുന്നതുപോലെ ആദിവാസി-നാടന്‍-ചുവര്‍ചിത്ര-ആനുകാലിക-ദേശീയ ചിത്രശില്പകലാക്യാമ്പ് എന്ന പേരില്‍ രാജ്യത്താകമാനം നിന്ന് കലാകാരരെ ക്ഷണിച്ചുവരുത്തി ഒരു പ്രഹസനം കാണിച്ച് ആരെയാണ് നിങ്ങള്‍ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്?

(ചിത്രകാരന്‍, ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറി, തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് മുന്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here