കാത്തിരിപ്പ് വെറുതെയായില്ല; നേമം റെയില്‍വെ ടെര്‍മിനലിന് തറക്കല്ലിട്ടു

0
12
നേമം ടെര്‍മിനലിന്റെ ശിലാസ്ഥാപനത്തിനു ശേഷം എ സമ്പത്ത് എം പിയും ഒ രാജഗോപാല്‍ എം എല്‍ എയും

നേമം: നേമം റെയില്‍വേ വികസനത്തിനുവേണ്ടിയുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പ് വെറുതെയായില്ല. നേമം ടെര്‍മിനലിന്റെ ശിലാസ്ഥാപനം കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. എ.സമ്പത്ത് എം പി, എം.എല്‍.എ. മാരായ ഒ.രാജഗോപാല്‍, ഐ.ബി.സതീഷ് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഭൂമിപൂജയുംനടന്നു.സംസ്ഥാന ഗവണ്‍മെന്റ് സ്ഥലം ലഭ്യമാക്കിയാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും അഡീഷനല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പി ജയകുമാര്‍ സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 115 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് നേമം ടെര്‍മിനലിനുവേണ്ടി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനോടൊപ്പം നേമം റെയില്‍വേ വികസനവും സാധ്യമാകുന്ന രീതിയില്‍ നേമം ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ജോലികള്‍ ഒരുമാസം മുന്‍പ് തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ഏറ്റെടുത്തിരുന്ന സ്ഥലത്താണ് പണികള്‍ തുടങ്ങുന്നത്. കാടുപിടിച്ചു കിടക്കുന്നതിനാല്‍ സ്ഥലം വൃത്തിയാക്കുന്ന ജോലികള്‍ നടന്നുവരുകയാണ്. രണ്ട് പ്ലാറ്റ്ഫോമുകള്‍ പുതിയതായി നിര്‍മിക്കുന്നതിനുള്ള ജോലിയാണ് തുടങ്ങുക. ഇതോടൊപ്പം പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍, ട്രാക്ക്, ഫുട്ട് ഓവര്‍ ബ്രിഡ്ജ് എന്നിവ നിര്‍മിക്കുന്നതിനാണ് മുന്‍ഗണന രണ്ട് പ്ലാറ്റ്ഫോമുകള്‍, അഞ്ച് സ്റ്റേബിളിങ് ലൈനുകള്‍, ഒരു ഷണ്ടിങ് നെക്ക് എന്നിവയാണ് ടെര്‍മിനലിന്റെ ആദ്യഘട്ടത്തിലുള്‍പ്പെടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണ് ആവശ്യമായതിനാല്‍ അതിനുള്ള നീക്കവും തുടങ്ങി. രണ്ടുഘട്ടമായാണ് നേമത്തെ വികസനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിന്റെ പണി എത്രയുംവേഗത്തില്‍ തുടങ്ങാനാണ് നീക്കം. പണി തുടങ്ങിയാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 77.3 കോടി രൂപയാണ് ആദ്യഘട്ട വികസനത്തിനായി തുക വകയിരുത്തിയിട്ടുള്ളത്. 1979-ല്‍ നിലവില്‍വന്ന നേമം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനെന്ന് പറഞ്ഞ് സമീപത്തെ അന്‍പത് ഏക്കറോളം ഭൂമി റെയില്‍വേ ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനുള്ള സ്ഥലം ഏറ്റെടുക്കുന്നതോടൊപ്പം ടെര്‍മിനലിനായി ഇനിയും ഭൂമി ആവശ്യമുണ്ട്. പാത ഇരട്ടിപ്പിക്കുന്നതിനുള്ള ഭൂമിയും നേമം ടെര്‍മിനല്‍ നിര്‍മാണത്തിനു വേണ്ടിവരുന്ന ഭൂമിയും ഏറ്റെടുത്തുനല്‍കുക എന്നിവയ്ക്കുവേണ്ടിയാണ് ദക്ഷിണ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗവും ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസും ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. ടെര്‍മിനലിന്റെ ആദ്യഘട്ടത്തിലെ പ്രാരംഭ ജോലികള്‍ മാത്രമേ ഇപ്പോള്‍ നടക്കൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here