പിസി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ വിള്ളല്‍ വീഴുന്നത് യുഡിഎഫ് വോട്ടുബാങ്കില്‍; സമ്മര്‍ദതന്ത്രമെന്ന് തിരിച്ചറിഞ്ഞ് മുന്നണികള്‍

0
7

പത്തനംതിട്ട: പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന പിസി ജോര്‍ജിന്റെ പ്രഖ്യാപനം യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരു പോലെ വെട്ടിലാക്കി. പൂഞ്ഞാര്‍ മണ്ടലം കൂടി ഉള്‍പ്പെട്ട പത്തനെതിട്ടയില്‍ പസി ജോര്‍ജിന് നല്ല സ്വാധീനമുണ്ട്. റാന്നിയിലെ ക്രൈസ്തവ-മുസ്ലിം വോട്ടുകളെയും സ്വാധീനിക്കാന്‍ കഴിയും. ഇത് യുഡിഎഫിന്റെ പരമ്പാരഗത വോട്ട് ബാങ്കുകളെ സാരമായി ബാധിക്കുകയും ചെയ്യും. ഇതിനൊപ്പം റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ഇവിടേയും വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ പിസിക്കായാല്‍ അത് ഇടതിനും തിരിച്ചടിയാകും. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പറയുന്ന പിസി ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് പിസിയുടെ മത്സര പ്രഖ്യാപനം.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ടാണ് പിസിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിനോടാണ് കൂടുതല്‍ താല്‍പര്യം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ കണ്ടതും ഇതേ ലക്ഷ്യത്തോടെയാണ്. എന്നാല്‍ മാണി വിഭാഗം പാരവെച്ചതോടെ പദ്ധതി പാളി. പിജെ ജോസഫുമായി ചേര്‍ന്ന് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇടതുപക്ഷത്തിനും പിസിയോട് താല്‍പ്പര്യക്കുറവുണ്ട്. അഞ്ച് കൊല്ലമുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പിസിയുമായി ഇടതുപക്ഷം നീക്കുപോക്കുണ്ടാക്കി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടുപ്പിച്ചില്ല. ഇതിന് പൂഞ്ഞാറില്‍ ഇടതുപക്ഷത്തെ തകര്‍ത്താണ് പിസി മറുപടി നല്‍കിയത്. കേരള രാഷ്ട്രീയത്തില്‍ വീണ്ടും ജനപക്ഷത്തിന് ചര്‍ച്ചയാകാന്‍ ലോക്‌സഭയില്‍ കരുത്ത് കാട്ടണം. ഇതിന് വേണ്ടിയാണ് പത്തനംതിട്ടയില്‍ പിസി മത്സരിക്കാനുള്ള സാധ്യത തേടുന്നത്. പത്തനംതിട്ടയില്‍ 50,000 കൂടുതല്‍ വോട്ടുകള്‍ പിസി ജോര്‍ജ് പിടിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്.

പൂഞ്ഞാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് 63,621 വോട്ടാണ് നേടിയത്. 27821 വോട്ടിനായിരുന്നു ജയം. ഈ വോട്ടുകളുടെ കരുത്താണ് പിസിയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പൂഞ്ഞാറില്‍ പരമാവധി വോട്ട് നേടുകയാണ് ലക്ഷ്യം. പൂഞ്ഞാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിനൊപ്പം റാന്നിയിലും കാഞ്ഞിരപ്പള്ളിയിലും നേട്ടമുണ്ടാക്കുകയാണ് പിസിയുടെ പദ്ധതി. എന്നാല്‍ വോട്ട് കുറഞ്ഞാല്‍ നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിസി എടുക്കാത്തത്. ഇടത്-വലത് മുന്നണികളോട് ഏറ്റുമുട്ടി പത്തനംതിട്ടയില്‍ ജയിക്കാമെന്ന പ്രതീക്ഷ പിസിക്കില്ല.

ഈ സാഹചര്യത്തില്‍ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. മുന്നണി പ്രവേശനത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാകും പിസിയുടെ പ്രധാന ഉദ്ദേശം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. കേരളാ കോണ്‍ഗ്രസിലെ പിജെ ജോസഫും പിസിയെ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ വലതു മുന്നണിയില്‍ എത്താനുള്ള കരുക്കളാണ് പിസി നീക്കുന്നത്. ഇടതും വലതും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പിസി മത്സരത്തിന് ഇറങ്ങും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പിസി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here