ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നു

0
6

പത്തനംതിട്ട: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി.ജെ.പി മാത്രമാണെന്നും അതുകൊണ്ടാണ് അവര്‍ക്കൊപ്പം ചേരുന്നതെന്നും ജോര്‍ജ് പ്രതികരിച്ചു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 75 ശതമാനം വോട്ടുകള്‍ നേടി വിജയിക്കും.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കേരളജനപക്ഷത്തിന്റെ സര്‍വകഴിവും ഉപയോഗിക്കും. കുമ്മനത്തിന്റെ ഭൂരിപക്ഷം തീരുമാനിക്കുക ജനപക്ഷത്തിന്റെ വോട്ടുകളാവും. സിപിഐക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കെഎം മാണിയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് ദു: ഖഭരിതമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമം. അത് നടക്കില്ല. പിസി തോമസ് വിജയിക്കും. തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കും. ഈ നാല് സീറ്റുകളില്‍ വിജയിക്കും. മറ്റ് നിയോജമണ്ഡലത്തില്‍ ഞങ്ങളാല്‍ കഴിയുന്ന പ്രവര്‍ത്തനം നടത്തും. ഞങ്ങളെ സ്വീകരിച്ച എന്‍ഡിഎയോട് നന്ദി പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളം എന്‍ഡിഎ ഭരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

എന്‍ഡിഎ ചേരുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് രാജിവച്ചവര്‍ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചുവരികയാണ്. നാളെ മുതല്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തവര്‍ പാര്‍ട്ടിയില്‍ കാണില്ല. കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകാന്‍ ചര്‍ച്ച നടത്തിയത് പാര്‍്ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്. എന്നാല്‍ ഇപ്പോള്‍ വിവരംകെട്ട കോണ്‍ഗ്രസുകാര്‍ മര്യാദകേട് പറയുകയാണ്. രാഹുലിന് രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ പ്രായമായിട്ടില്ല. 48 വയസ്സായെങ്കിലും 7 വയസ്സിന്റെ പക്വതയേയുള്ളുവെന്നും പിസി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുമെന്ന് ആദ്യം വ്യക്തമാക്കിയ പി.സി ജോര്‍ജ് പിന്നീട് നിലപാട് മാറ്റിയിരുന്നു. യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് പിന്മാറ്റമെന്ന് ജോര്‍ജ് പിന്നീട് പ്രതികരിച്ചിരുന്നു. എന്നാല്‍ ജോര്‍ജിനെ ഒപ്പംകൂട്ടാന്‍ യു.ഡി.എഫ് തയ്യാറാകാതെ വന്നതോടെ വീണ്ടും ബി.ജെ.പി നേതൃത്വവുമായി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here