കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജാമ്യം കിട്ടിയില്ല; 24വരെ റിമാന്റ് നീട്ടി

0
14

കോഴിക്കോട്: കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതിയുടെ നടപടി. ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്.

അതേസമയം പ്രചാരണം ചൂട് പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി ജയിലിലായത് ബിജെപിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം. ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

എന്നാല്‍ ജയിലില്‍ കിടന്ന് പ്രകാശ് ബാബു മത്സരിക്കുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിക്കുകയും പത്രിക നല്‍കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കളാണ് ഇപ്പോള്‍ വീടുകള്‍ കയറുന്നത്. തീപാറും പോരാട്ടം നടക്കുന്ന കോഴിക്കോട് സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ടി വരുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here