ചവറയില്‍ വീണാല്‍ ചടയമംഗലം കാക്കും; ബാലഗോപാല്‍ 62,621 വോട്ടിന് ജയിക്കുമെന്ന് സി.പി.എം

0
8

കൊല്ലം: കൊല്ലത്തെ എല്‍. ഡി.എഫ്സ്ഥാനാര്‍ത്ഥി കെ. എന്‍. ബാലഗോപാല്‍ 62621 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സി.പി.എം വിലയിരുത്തല്‍. പോള്‍ ചെയ്തതില്‍ നാലരലക്ഷം വോട്ടുകള്‍ ലഭിക്കുമെന്നും ഇന്നലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിലയിരുത്തി.ചവറയില്‍ 4500 വോട്ടിന് പിന്നില്‍ പോകും. എന്നാല്‍, മുന്നിലെത്തുന്നത് ചടയമംഗലം (15000), ചാത്തന്നൂര്‍ (14000), ഇരവിപുരം (6000), കൊല്ലം (4500), പുനലൂര്‍ (11000), കുണ്ടറ (12000) എന്നീ മണ്ഡലങ്ങളിലാണെന്ന് ബൂത്ത് കമ്മിറ്റികളില്‍ നിന്നുള്ള കണക്ക് പ്രകാരം സി.പി.എം കരുതുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതില്‍ നിന്ന് അമ്പതിനായിരത്തോളം വോട്ട് ഇത്തവണ യു.ഡി.എഫിന് പോകുമെന്നാണ് മറ്റൊരു നിഗമനം. ബി.ജെ.പിക്ക് പരമാവധി 89000 വോട്ട് ലഭിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം.എ. ബേബിക്ക് 75000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. അത് തെറ്റായിരുന്നതിനാല്‍ കൃത്യമായ കണക്ക് നല്‍കണമെന്ന് ബൂത്ത് കമ്മിറ്റികള്‍ക്ക് ഇത്തവണ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രേമചന്ദ്രന് മേല്‍ ബി.ജെ.പി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ മേഖലകളില്‍ ഗുണം ചെയ്‌തെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കൊല്ലത്തെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായ മന്ത്രി തോമസ് ഐസക്കും യോഗത്തില്‍ വിജയപ്രതീക്ഷ പങ്കുവച്ചു.ചാത്തന്നൂര്‍, കൊല്ലം, ചടയമംഗലം മണ്ഡലങ്ങളില്‍ മാത്രമാണ് ആര്‍.എസ്.പിയുടെ വിലയിരുത്തല്‍ നടന്നത്. ചാത്തന്നൂരില്‍ 3000 വോട്ടിനും കൊല്ലത്ത് 14000 വോട്ടിനും ലീഡ് ചെയ്യുമെന്നാണ് ആര്‍.എസ്.പിയുടെ വിലയിരുത്തല്‍. ചടയമംഗലം മണ്ഡലം കമ്മിറ്റി യോഗം എന്‍.കെ. പ്രേമചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ചവറയടക്കമുള്ള മണ്ഡലങ്ങളിലെ വിലയിരുത്തല്‍ വരുംദിവസങ്ങളില്‍ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here