നേമവും വട്ടിയൂര്‍ക്കാവും തുണയാകും; കുമ്മനം 15000-ല്‍പ്പരം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി

0
6

തിരുവനന്തപുരം: ബി.ജെ. പിയുടെ ശക്തികേന്ദ്രങ്ങളായ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടുകളിലൂടെ കുമ്മനം രാജശേഖരന്‍ വന്‍ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ആര്‍.എസ്.എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലത്തില്‍. എന്ത് വില കൊടുത്തും കുമ്മനത്തെ ജയിപ്പിക്കാന്‍ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നു.കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന്റെ ശശി തരൂരിനെ മലര്‍ത്തിയടിക്കും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശശി തരൂരിന് അനുകൂലമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നാല്‍പോലും കുമ്മനം നേരിയ മാര്‍ജിനില്‍ ജയിച്ചു കയറുമെന്ന് ബി.ജെ.പി കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ തരൂരിലേക്ക് ഒഴുകിയാലും കുമ്മനത്തിന് അത് മറികടക്കാന്‍ നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് സാധിക്കും. ഈ രണ്ട് മണ്ഡലങ്ങളിലും ഞെട്ടിക്കുന്ന ഭൂരിപക്ഷം കുമ്മനത്തിന് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ചെയ്ത മണ്ഡലങ്ങളില്‍ മൂന്നാമതാണ് നേമം. 1,41,350 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും ബി.ജെ.പി പ്രതീക്ഷിച്ച മുന്നേറ്റം വോട്ടിംഗില്‍ ഉണ്ടായിട്ടില്ല എന്നത് ബി.ജെ.പിയെ ആശങ്കയിലാക്കുന്നുമുണ്ട്.ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ വലിയ തോതിലുളള അടിയൊഴുക്ക് നടന്നിട്ടുണ്ട്. സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കുമ്മനം രാജശേഖരന് വോട്ട് ലഭിച്ചിട്ടുണ്ട് എന്ന് ബി.ജെ.പി കരുതുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളോട് എതിര്‍പ്പുള്ള നിഷ്പക്ഷ വോട്ടുകളും കുമ്മനത്തിന് സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.ഇത്തവണ ബി.ജെ.പിക്കെതിരെ ക്രോസ് വോട്ടിംഗ് നടന്നിട്ടില്ല എന്നതും വിജയ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം സി. ദിവാകരന് തന്നെ വീണിട്ടുണ്ട് എന്നാണ് ബി.ജെ.പി വിലയിരുത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here