തര്‍ക്കം തീരുന്നില്ല; കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്; അയയാതെ ഇരുവിഭാഗവും

0
5

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രത്യക്ഷമായുള്ള വാദപ്രതിവാദങ്ങള്‍ ഉണ്ടായേക്കില്ല. തല്‍ക്കാലം പി.ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കും. സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റ ആവശ്യം. എന്നാല്‍ ചെയര്‍മാന്‍ ഉള്‍പ്പടെ നാല് പ്രധാനസ്ഥാനങ്ങള്‍ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്.

ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വീണ്ടും ഒരു പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സമവായമുണ്ടായില്ലെങ്കില്‍ പിളരാമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ പിളര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കാനാണ് ജോസഫ് വിഭാഗത്തിന്റ മറുപടി. വര്‍ക്കിംഗ് ചെയര്‍മാന് ചെയര്‍മാന്റെ തല്‍ക്കാലിക ചുമതലയുള്ളതിനാല്‍ അധികാരം ഇപ്പോള്‍ പി ജെ ജോസഫിനാണ്. ഇപ്പോള്‍ പിളര്‍പ്പുണ്ടായാല്‍ നേട്ടം ജോസഫ് വിഭാഗത്തിനായിരിക്കും. തങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന് അവര്‍ക്ക് അവകാശപ്പെടാം. അതു മനസിലാക്കിയാണ് ജോസ് കെ മാണിയും കൂട്ടരും സമവായത്തിന്റെ മാര്‍ഗം തേടുന്നത്.

ഇതിനിടെ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് പിന്തുണ തേടി പി ജെ ജോസഫ് വിഭാഗം ഒപ്പ് ശേഖരണം തുടങ്ങി. കോട്ടയത്തെ ജയത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ജോസ് കെ മാണി കരുത്തനായ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റ നീക്കം. പി ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് ജോസഫിനൊപ്പമുള്ളവരുടെ ഒപ്പ് ശേഖരണമാണ് ആദ്യം നടക്കുന്നത്. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന് മാണി വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ജോസഫ് തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here