പാലക്കാട് :ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ നടത്തിയ പരിശോധനയില്‍ ഒക്ടോബര്‍ 14, 15 ദിവസങ്ങളില്‍ 827 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്ത 271 പേര്‍, വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പ്രവര്‍ത്തിച്ച 118 പേര്‍, സന്ദര്‍ശന രജിസ്റ്റര്‍ സൂക്ഷിക്കാത്ത 251 സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് താക്കീത് നല്‍കി.

കടകളില്‍ കൂട്ടംകൂടി നിന്ന 125 കേസുകള്‍, നിയമവിരുദ്ധമായ കൂടിച്ചേരല്‍ 26 എണ്ണം, നിയമലംഘനം നടത്തി പ്രവര്‍ത്തിച്ച എട്ട് കടകള്‍, പൊതുനിരത്തില്‍ തുപ്പിയത് 12 എണ്ണം, ക്രിമിനല്‍ നടപടിക്രമം 144ന്റെ ലംഘനം ഏഴ് തുടങ്ങിയവയാണ് കണ്ടെത്തിയ മറ്റ് നിയമലംഘന പ്രവര്‍ത്തനങ്ങള്‍. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള പിഴ ഉടന്‍തന്നെ ഈടാക്കുകയും ചെയ്യും. നഗരസഭകളായ പാലക്കാട്, പട്ടാമ്പി, ഗ്രാമപഞ്ചായത്തുകളായ പിരായിരി, മുതലമട, വടക്കാഞ്ചേരി, തരൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. മാര്‍ക്കറ്റുകള്‍, ടൗണുകള്‍, എടിഎം കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായി സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസേന ഒരു പഞ്ചായത്തിലെ 20 സ്ഥലങ്ങളിലെങ്കിലും സെക്ടറല്‍ മജിസ്ട്രേട്ട് പരിശോധന നടത്തണമെന്നും നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

എല്ലാ പഞ്ചായത്തിലേയ്ക്കും ഗസറ്റഡ് തസ്തികയിലുള്ള ഓരോ സെക്ടറല്‍ മജിസ്ട്രേട്ടിനെയും നഗരസഭകളിലേയ്ക്കും വലിയ പഞ്ചായത്തുകളിലേയ്ക്കും രണ്ട് വീതം സെക്ടറല്‍ മജിസ്ട്രേട്ടുമാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ മൊത്തം 105 സെക്ടറല്‍ മജിസ്ട്രേട്ടുമാരാണുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here