.

.കൊച്ചി: മസാജ് പാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ. കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടിൽ ആഷിൽ ലെനിൻ (25) ആണ് എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് വ്യാപാര അളവിലുള്ള 38 ഗ്രാം എംഡിഎംഎ , രണ്ടഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാൾ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാർട്ട് ഫോൺ, 9100 രൂപ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

വൈറ്റില – സഹോദരൻ അയ്യപ്പൻ റോഡിൽ ഹെർബൽ പീജിയൺ ആയുർവേദ തെറാപ്പി ആന്റ് സ്പാ എന്ന മസാജ് പാർലർ നടത്തി വരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു മയക്ക് മരുന്ന് കച്ചവടം. മസാജ് പാർലറുകളിൽ രാസലഹരി ഉപയോഗിക്കപ്പെടുന്നതായുള്ള വിവരം നേരത്തെ തന്നെ എക്സൈസ് ഇന്റലിജൻസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് ഒട്ടാകെയുള്ള മസാജ് സെന്ററുകളിൽ വ്യാപകമായ പരിശോധന കൾ നടത്തിയിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് മയക്ക് മരുന്നുമായി പിടിയിലായവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും എക്സൈസ് ഇന്റലിജൻസും ചേർന്ന് എറണാകുളം ടൗൺ ഭാഗങ്ങളിലെ മസാജ് പാർലറുകൾ നിരീക്ഷിച്ച് വരുകയായിരുന്നു.

വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിലെ ഹെർബൽ പീജിയൻ എന്ന സ്പായിൽ അസ്വഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്സൈസ് സംഘം ഇവിടെ മിന്നൽ പരിശോധന നടത്തുകയായിരുന്നു. വിപണിയിൽ മൂന്ന് ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള അത്യന്തം വിനാശകാരിയായ ബ്രൗൺ മെത്ത് വിഭാഗത്തിൽ പെടുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. മനുഷ്യ നിർമ്മിത ഉത്തേജക മരുന്നായ ബ്രൗൺ മെത്ത് കേന്ദ്രനാഡീ വ്യൂഹത്തെയാണ് പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന്റെ തുടർച്ചായ ഉപയോഗം ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത , തലവേദന എന്നിവ തുടങ്ങി ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള രാസലഹരി 10 ഗ്രാം കൈവശം വച്ചാൽ തന്നെ 20 വർഷത്തെ കഠിന തടവിനും, രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കൃത്യമാണ്. മയക്ക് മരുന്നുകൾ സുഹൃത്തുക്കൾ വഴി ഡൽഹിയിൽ നിന്നെത്തിച്ചതാണെന്നാണ് പ്രാഥമീക നിഗമനം. ഇയാളുടെ മയക്ക് മരുന്ന് ഇടപാടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. ഇയാളുടെ പക്കൽ നിന്ന് മയക്ക് മരുന്ന് വാങ്ങിയ വരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും, സ്പാകളിലുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും എന്നും എൻഫോഴ്സ്മെന്റ് അസി. കമ്മീഷണർ ടി.എൻ . സുധീർ അറിയിച്ചു.

സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സി.പി. ജിനേഷ് കുമാർ, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, സിഇമാരായ ടി.പി. ജെയിംസ്, വിമൽ കുമാർ സി.കെ , നിഷ എസ്, മേഘ വി.എം എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here