നാലാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ തള്ളിയ സംഭവം: പിതൃസഹോദരന്‍ റിമാന്‍ഡില്‍

0
6

പെരിന്തല്‍മണ്ണ: നാലാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് (44) നെ കോടതി റിമാന്‍ഡ് ചെയ്തു. എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീ(9)നെയാണ് തട്ടിക്കൊണ്ടു പോയി ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപുഴയില്‍ തള്ളിയത്. ഷഹീനുവേണ്ടി പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. മേലാറ്റൂര്‍ എടയാറ്റുര്‍ ഡിഎന്‍എംഎയുപി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന ഷഹീനെ കഴിഞ്ഞ 13ന് രാവിലെ 10 നാണ് പിതൃസഹോദരന്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലാണ് തട്ടിക്കൊണ്ടു പോകാനുണ്ടായ കാരണം അറിവായത്. വിവിധ സാമ്പത്തിക ഇടപാട് വഴി അനിയന്റെ കൈയില്‍ ധാരാളം പണമുണ്ടെന്നും അവ അടിച്ചുമാറ്റാന്‍ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ഉദ്ദേശം. ഇതിനായി പ്രതി കുട്ടിയെ സ്‌കൂളിലേയ്ക്കു വരുന്ന സമയത്ത് അനുനയത്തില്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ കറങ്ങി. രാത്രിയായതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വരികയും പോലിസ് കര്‍ശനമായി വാഹന പരിശോധന നടത്തുകയും ചെയ്തതോടെ പ്രതിക്ക് കുട്ടിയുമായി എവിടെയും ഒളിച്ച് താമസിക്കാനോ, പോകാനോ കഴിയാതെ വരികയായിരുന്നു. കുട്ടിയെ വീട്ടിലെത്തിച്ചാല്‍ കുട്ടി വിവരം പറയുമെന്നുള്ള ഭയത്താല്‍ കുട്ടിയെ രാത്രി പത്തോടെ ആനക്കയത്തെ പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് ജീവനോടെ എറിയുകയാണുണ്ടായതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ സിഐമാരായ ടി എസ് ബിനു കെ, അബ്ദുല്‍ മജീദ്, കെ എം ബിജു, എസ്‌ഐമാരായ പി കെ അജിത്ത,് പി ജ്യോതീന്ദ്രകുമാര്‍, ഷാഡോ പോലിസംഗങ്ങളായ വി കെ അബ്ദുസ്സലാം, സി പി മുരളി, വി മന്‍സൂര്‍, എന്‍ ടി കൃഷ്ണകുമാര്‍ ഫാസില്‍ കുരിക്കള്‍, എം മനോജ് കുമാര്‍, അഷ്‌റഫ് കൂട്ടില്‍, എ പി റഹ്മത്തുല്ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here