പെരുമഴയില്‍ വീട് തകര്‍ന്നു: നിര്‍ധന കുടുംബം പെരുവഴിയില്‍

0
25
കനത്തമഴയില്‍ പൂര്‍ണമായും തകര്‍ന്ന വെണ്ടേക്കുംപൊയില്‍ തോട്ടുപുറത്ത് തങ്കച്ചന്റെ വീടിന് മുന്നില്‍ ഭാര്യ ജാന്‍സി

നിലമ്പൂര്‍: പ്രളയത്തില്‍ മണ്ണിടിഞ്ഞ് വീട് പൂര്‍ണമായി തകര്‍ന്ന നിര്‍ധനകുടുംബം പെരുവഴിയില്‍. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ വെണ്ടേക്കുംപൊയിലിലെ തോട്ടുപുറത്ത് തങ്കച്ചന്റെ വീടാണ് തകര്‍ന്നത്. മൂന്ന് മക്കളും ഭാര്യയുമുള്‍പ്പെടെയുള്ള അഞ്ചംഗ കുടുംബം ഇപ്പോള്‍ അന്തിയുറങ്ങുന്നത് ബന്ധുവിന്റെ വീട്ടില്‍. വീട് പൂര്‍ണമായും നിലംപൊത്തിയതിന് പുറമേ വീട്ടിലേക്കുള്ള വഴിയും വ്യാപകമായി മണ്ണിടിഞ്ഞ് താഴ്ന്നതോടെ ഈ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടു. വെണ്ടേക്കുംപൊയില്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പിലായിരുന്ന ഇവര്‍ ക്യാമ്പ് പിരിച്ച് വിട്ടതോടെയാണ് ബന്ധുവിന്റെ വീട്ടില്‍ അഭയം തേടിയത്. മഴവെള്ളപ്പാച്ചിലില്‍ അരയേക്കര്‍ സ്ഥലത്ത് ആകെയുണ്ടായിരുന്ന കൃഷിയും പൂര്‍ണമായും നശിച്ചു. മുതിര്‍ന്ന രണ്ട് പെണ്‍കുട്ടികളേയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനേയും ചേര്‍ത്ത് പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് തങ്കച്ചന്‍. കനറാ ബാങ്കിന്റെ വെറ്റിലപ്പാറ ശാഖയില്‍ നിന്നും വാഴകൃഷിക്കായി ഒരു ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. കൃഷി നശിച്ചതോടെ ഈ തുകയുടെ തിരിച്ചടവും പ്രതിസന്ധിയിലായി. വാടകയ്ക്ക് വീട് എടുത്ത് മാറാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് മാത്രമല്ല. ഈ ഭാഗത്ത് വാടകയ്ക്ക് വീട് കിട്ടാനുമില്ല. കൂലിവേല ചെയ്താണ് തങ്കച്ചന്‍ കുടുംബം പോറ്റുന്നത്. ബിരുദധാരികളായ പെണ്‍മക്കള്‍ക്ക് ജോലിയുമില്ല. നിലവില്‍ വീടിരുന്ന സ്ഥലത്തേക്കുള്ള വഴി പൂര്‍ണമായും തകര്‍ന്നതിനാല്‍ വീടിന്റെ പുനര്‍നിര്‍മാണം ദുഷ്‌ക്കരമാണ്. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ വീടിനടുത്ത് തന്നെ കുടുംബസ്വത്തായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് പുതിയ വീട് നിര്‍മിക്കാനാണ് ഇവരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here