ഗുരുവായൂര്‍ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ബഹളവും

0
6

ഗുരുവായൂര്‍: സംസ്ഥാനം നേരിട്ട ഗുരുതരമായ പ്രളയക്കെടുതിക്ക് ശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗം വാക്കേറ്റത്തോടെ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയുടെ വക്കോളമെത്തി. പ്രളയക്കെടുതിയുടെ ഭാഗമായി 33 വീടുകള്‍ പൂര്‍ണ്ണമായും, 53 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി ആമുഖ പ്രസംഗത്തില്‍ സൂചിപ്പിച്ചു. കൗണ്‍സിലര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം ഉള്‍പ്പടെ പത്തുലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ത്ഥിച്ചു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി അഹോരാത്രം നിസ്വാര്‍ത്ഥ സേവനംചെയ്ത നഗരസഭയുടെ ആരോഗ്യവിഭാഗത്തേയും, അവരോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചവരേയും അഭിനന്ദിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ നടത്തിയ പ്രസംഗത്തിന്‌ശേഷം, ഭരണപക്ഷത്തെ സുരേഷ് വാര്യര്‍ നടത്തിയ മറുപടി പ്രസംഗമാണ് പ്രതിപക്ഷത്തെ ഇളക്കിമറിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിക്കുന്ന ധനവും, മറ്റുപലതും പ്രതിപക്ഷത്തെ രണ്ടുകൗണ്‍സിലര്‍മാര്‍ചേര്‍ന്ന് ഭീമമായ തട്ടിപ്പുനടത്തിയെന്ന് അംഗങ്ങളുടെ പേരെടുത്തുപറയാതെ സുരേഷ് വാര്യര്‍ നടത്തിയ പ്രസംഗം കൗണ്‍സില്‍ ഹാളില്‍ ബഹളത്തിന് തുടക്കമിട്ടു. സുരേഷ് വാര്യരുടെ അടുത്തേക്ക് ക്ഷുഭിതനായ പ്രതിപക്ഷ കൗണ്‍സിലര്‍ പി.എസ്. രാജന്‍ പാഞ്ഞടുത്തപ്പോള്‍, ഭരണപക്ഷ അംഗങ്ങള്‍ സുരേഷ്‌വാര്യര്‍ക്ക് പ്രതിരോധം തീര്‍ത്തു. ഒപ്പംതന്നെ പ്രതിപക്ഷ നിരയിലെ അംഗങ്ങളെത്തി പി.എസ്. രാജനെ അനുനയിപ്പിച്ച് സീറ്റിലിരുത്തി. സുരേഷ്‌വാര്യര്‍ ഉന്നയിച്ച ആരോപണം, നഗരസഭയിലെ ചില അംഗന്‍വാടി ടീച്ചര്‍മാര്‍ ചെയര്‍പേഴ്‌സന് രേഖാമൂലം പരാതി തന്നിട്ടുണ്ടെന്നും, പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. എന്നാല്‍ അഴിമതിയുടെ പേരില്‍ ഈ നഗരസഭയില്‍ ആര്‍ക്കെങ്കിലും രാജിവെക്കേണ്ടിവന്നാല്‍, ആദ്യം രാജിവെക്കേണ്ടി വരുന്നത് സുരേഷ്‌വാര്യരാകുമെന്ന് പി.എസ്. രാജന്‍ മറുപടി പ്രസംഗം നടത്തിയത് ഭരണപക്ഷത്തേയും ചൊടിപ്പിച്ചു. നിലവാരമില്ലാത്ത ആരോപണങ്ങളുന്നയിച്ച് ഗുരുവായൂര്‍ നഗരസഭയുടെ മാന്യത നഷ്ടപ്പെടുത്തരുതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ റഷീദ് കുന്നിക്കല്‍ ഭരണപക്ഷത്തോടും ആവശ്യപ്പെട്ടു. കുഴല്‍കിണറുകളിലെ കുടിവെള്ളം ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന നടത്തി ഉപയോഗ യോഗ്യമാണെന്ന് ഉറപ്പുവരുത്താന്‍ നഗരസഭ മുന്‍കയ്യെടുക്കണമെന്ന് പ്രതിപക്ഷനേതാവ് എ.പി. ബാബുമാസ്റ്റര്‍ ആവശ്യപ്പെട്ടു. ഇതിനിടെ അടിയന്തര കൗണ്‍സില്‍ വെള്ളിയാഴ്ച്ച തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ മുസ്ലീം അംഗങ്ങളുടെ എണ്ണംകുറയ്ക്കാനുള്ള ചെയര്‍പേഴ്‌സന്റെ കുറുക്കുവഴിയാണെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ എ.ടി. ഹംസ കൗണ്‍സില്‍ഹാളില്‍നിന്നും ഇറങ്ങിപ്പോയി. ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ച കൗണ്‍സില്‍യോഗത്തില്‍ രേവതിടീച്ചര്‍, ജലീല്‍ പണിക്കവീട്ടില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്ക്കും, ലോകസഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്കും, പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കും അനുശോചനം രേഖപ്പെടുത്തിയാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here