പ്രളയം ഡാമുകളുടെ സൃഷ്ടിയെന്ന പ്രചരണം വസ്തുതാവിരുദ്ധം: മന്ത്രി മാത്യു ടി. തോമസ്

0
13

പത്തനംതിട്ട:കേരളത്തിലുണ്ടായ പ്രളയം ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണെന്ന വസ്തുതാവിരുദ്ധമായ പ്രചരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഇതു സംബന്ധിച്ച് കൃത്യമായ കണക്കുകളുടെയും വിവരങ്ങളുടെയും വെളിച്ചത്തില്‍ നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയില്‍ ഒരു വര്‍ഷം കേരളത്തിലാകെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളില്‍ മഴയിലൂടെ പതിക്കുന്നത് 75000 ദശലക്ഷം ഘനയടി വെള്ളമാണ്. ജലവിഭവവകുപ്പിനു കീഴിലുള്ള പതിനാറു ഡാമുകളിലായി മുഴുവന്‍ സംഭരണശേഷിയും ഉപയോഗിച്ചാല്‍ സംഭരിക്കാന്‍ കഴയുന്നത് 1570.6 ദശലക്ഷം ഘനയടി ജലം മാത്രവും. ആകെ നദീജലത്തിന്റെ 2.1 ശതമാനം മാത്രമാണിത്. ഇത്രയുംചെറിയ ശതമാനം ജലമാണ് കേരളത്തിലെ പ്രളയം മുഴുവന്‍ സൃഷ്ടിച്ചതെന്ന പ്രചരണം വെറും പുകമറയാണെന്നു തിരിച്ചറിയണം. മാത്രമല്ല, ഈ ഡാമുകളില്‍ മിക്കതും ജൂണ്‍, ജൂലൈ മാസങ്ങളില്‍ത്തന്നെ തുറന്നിരുന്നതാണ്. കൂടാതെ ഭൂതത്താന്‍കെട്ട്, മണിയാര്‍ (പമ്പ ജലസേചനപദ്ധതി), പഴശ്ശി എന്നീ ബാരേജുകളും യഥാക്രമം ജൂണ്‍ ഒന്ന്, ജൂണ്‍ ഒമ്പത്, മെയ് 28 തീയതികള്‍ മുതല്‍ തന്നെ തുറന്നിരിക്കുകയായിരുന്നു. പൊടുന്നനെ ഡാമുകള്‍ തുറന്ന് പ്രളയം വരുത്തിവച്ചതല്ലെന്നു വ്യക്തം. ഈ വര്‍ഷം പ്രത്യേകമായി സംഭവിച്ചത് ആഗസ്റ്റ് പതിനഞ്ചു മുതലുള്ള ദിവസങ്ങളില്‍ പെയ്ത ഭീമമായ അളവിലുള്ള മഴയാണ്. ആഗസ്റ്റ് 15 മുതല്‍ 17 വരെയുള്ള മൂന്നു ദിവസങ്ങളില്‍ മാത്രം 414 മി.മീ. മഴ പെയ്തു എന്നാണു കണക്ക്. അതിലൂടെ 16,063.2 ദശലക്ഷം ഘനയടി വെള്ളമാണ് പെയ്തിറങ്ങിയത്. സാധാരണ ഗതിയില്‍ ഒരു വര്‍ഷമാകെ പെയ്യുന്ന മഴയുടെ അഞ്ചിലൊന്നിലധികം മൂന്നു ദിവസം കൊണ്ടു പെയ്തു എന്നര്‍ത്ഥം. ‘നാസ’യുടെ കണക്കനസരിച്ച് സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് 164 ശതമാനം അധിക മഴയാണ് (264 ശതമാനം) പെയ്തത്. ആ ദിവസങ്ങളില്‍ ജലസേചനവകുപ്പിന്റെ ഡാമുകളില്‍ 696.785 ദശലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോള്‍ പുറത്തേക്കു വിട്ടത് 700.373 ദശലക്ഷം ഘനയടി മാത്രം. തമ്മിലുള്ള അന്തരം നേരിയതു മാത്രം എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 1924ല്‍ ഉണ്ടായ മഹാപ്രളയം സംബന്ധിച്ച വാര്‍ത്ത പുന:പ്രസിദ്ധീകരിച്ചതു നമുക്ക് ലഭ്യമാണ്. അതിന്‍ പ്രകാരം അന്ന് അടയാളപ്പെടുത്തിയിരുന്ന പ്രദേശങ്ങളില്‍ത്തന്നെയാണ് കൃത്യമായും ഇത്തവണയും പ്രളയമുണ്ടായതെന്നു മനസ്സിലാക്കാം. ഭൂതത്താന്‍കെട്ടിന് അഞ്ചു കി. മീ. മുകളില്‍ അന്നത്തെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയിരുന്ന പാലമറ്റം എസ്റ്റേറ്റ് പ്രദേശത്ത് അന്നത്തേതിനേക്കാള്‍ ഒമ്പതടി താഴെയാണ് ഇത്തവണത്തെ ജലനിരപ്പ് എത്തിയത്. കാലടിയില്‍ തലപ്പള്ളി മനയില്‍ അന്നു രേഖപ്പെടുത്തിയതിനേക്കാള്‍ 1.4 മീറ്റര്‍ താഴെ മാത്രം. ഡാമുകളല്ല പ്രളയകാരണം എന്നതിന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ല. കുട്ടനാട്ടിലെ ജലനിരപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന രണ്ടു മനുഷ്യനിര്‍മ്മിത സംവിധാനങ്ങളാണ് തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും. തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളും നേരത്തെതന്നെ തുറന്നു വച്ചിരുന്നതും പൊഴിമുറിക്കല്‍ മേയ് മാസത്തില്‍ത്തന്നെ നടത്തി പരമാവധി ജലം കടലിലേക്ക് ഒഴുക്കി വിട്ടതുമാണ്. സാധാരണ 150 മീറ്റര്‍ വീതിയില്‍ പൊഴി മുറിക്കാറുള്ളത്, പ്രളയം മൂലം മതിയാകാതെ വന്നതുമൂലം, ഇത്തവണ 250 മീറ്റര്‍ വീതിയിലാണു മുറിച്ചത്. തണ്ണീര്‍മുക്കം ബണ്ടിന്റെ ബാര്‍ജുകള്‍ തുറന്നാണിരിക്കുന്നത്. മണ്ണു നീക്കംചെയ്യല്‍ പരമാവധി വേഗത്തില്‍ നടത്തി കഴിയുന്നത്ര വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഇരുഭാഗത്തും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഏതാണ്ട് ഒരേ ജലനിരപ്പാണ് എന്നതിനര്‍ത്ഥം കാര്യമായി കടലിലേക്ക് ജലമൊഴുക്കി വിടാന്‍ കഴിയുമായിരുന്നില്ല എന്നു തന്നെയാണ്. സംസ്ഥാനാന്തര ജല റഗുലേഷനാണ് മറ്റൊന്ന്. പാലക്കാട് മേഖലയിലെ പറമ്പിക്കുളം ആളിയാര്‍ പദ്ധതികളിലെ ജലം തമിഴ്‌നാട് അവര്‍ക്ക് അര്‍ഹതപ്പെട്ടതിലുമധികം കടത്തുന്നു എന്നതായിരുന്നു തീവ്ര വരള്‍ച്ചയുണ്ടായ കഴിഞ്ഞ വര്‍ഷത്തെ പ്രശ്‌നം. ഇത്തവണ സ്ഥിതിഗതികള്‍ മാറി. പറമ്പിക്കുളം ആളിയാര്‍ ഭാഗത്തെ എല്ലാ ഡാമുകളും നിറയുകയും കേരളത്തിലേക്കു സ്പില്‍ ചെയ്യുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്തു. ഈ ഡാമുകള്‍ ഒന്നൊഴികെ എല്ലാം ജൂലൈ മാസത്തില്‍ത്തന്നെ തുറന്നിരുന്നതാണ്. വ്യക്തമായ മുന്നറിയിപ്പോടെയാണ് തുറന്നിട്ടുള്ളത്. ആഗസ്റ്റ് പതിനഞ്ചിന് ഒരൊറ്റ രാത്രിയില്‍ ഷോളയാര്‍ വാല്‍പ്പാറ ഭാഗത്ത് 410 മി. മീ മഴയാണു പെയ്തത്. അനിയന്ത്രിതമായ മഴ പെട്ടെന്നു വന്നതിനെ തുടര്‍ന്നാണ് വിടുന്നതിനു തമിഴ്‌നാട് നിര്‍ബന്ധിതമായത്. പരമാവധി തുറന്നു വിടാവുന്നതിന്റെ 50 ശതമാനം മാത്രമാണ് തുറന്നത്. നാടാകെ സമാനതകളില്ലാത്ത ഒരു ദുരന്തത്തിന്റെ ഭീതിയിലായ പശ്ചാത്തലത്തില്‍ സന്മനസ്സുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ നേരിടാന്‍ സ്വയം മറന്ന് രംഗത്തിറങ്ങുകയും എല്ലാ സംവിധാനങ്ങളേയും പരമാവധി കൂട്ടിയിണക്കുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടെ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും തുറന്നുവിടാതെ ഡാം തകര്‍ന്നിരുന്നെങ്കിലത്തെ അവസ്ഥ എത്ര ഭീകരമാകുമായിരുന്നു എന്ന് എല്ലാവരും ശാന്തമായി ആലോചിക്കണമെന്നും മാത്യു ടി. തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here