പകര്‍ച്ചവ്യാധി: ആശങ്കാജനകമായ വര്‍ധനയില്ലെന്ന് അധികൃതര്‍; പ്രതിരോധത്തിനായി കാംപയിന്‍

0
41

കല്‍പ്പറ്റ: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലിനു ജില്ലയില്‍ പ്രത്യേക കാംപയിന്‍ നടത്തും. അന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 26 താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ മരുന്നുവിതരണവും ബോധവല്‍ക്കരണവും നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, എഡിഎം കെ അജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെയോ മാസത്തെയോ കണക്കുകള്‍ അനുസരിച്ച് പകര്‍ച്ചവ്യാധികളില്‍ ആശങ്കാജനകമായ വര്‍ധനയില്ല. എലിപ്പനി പ്രതിരോധത്തിന് ഇതിനകം 1.9 ലക്ഷം ഗുളികകളാണ് വിതരണം ചെയ്തത്. ജൂലൈയില്‍ ജില്ലയില്‍ 18 എലിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു. ആഗസ്തില്‍ 13 പേരില്‍ രോഗം കണ്ടെത്തി. 29 എലിപ്പനി സംശയക്കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 58 പേരില്‍ എലിപ്പനി സ്ഥിരീകരിച്ചു. മൂന്ന് മരണവുമുണ്ടായി. കഴിഞ്ഞവര്‍ഷം 101 പേര്‍ക്കാണ് എലിപ്പനി പിടിപെട്ടത്. നാലുപേര്‍ മരിച്ചു. ജൂലൈയില്‍ നാലും ആഗസ്തില്‍ രണ്ടും ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജനപങ്കാളിത്തത്തോടെ വിജയകരമായി നടത്തിയ മിഷന്‍ ക്ലീന്‍ വയനാട് ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത ഗണ്യമായി കുറച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇതര വകുപ്പുകളിലെ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും നടത്തിവരുന്ന പ്രവര്‍ത്തനം പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഉതകുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സംഘം രണ്ടാഴ്ചയിലധികമായി ജില്ലയിലുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്വകാര്യ ആശുപത്രികള്‍, ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്, പോണ്ടിച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്നിവ ജില്ലയില്‍ പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ചുവരികയാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയെ തുടര്‍ന്നു ജില്ലയില്‍ 214 ദുരിതാശ്വാസ ക്യാംപുകളിലായി 30,000ത്തോളം പേരെ പുനരധിവസിപ്പിച്ചിരുന്നു. മുഴുവന്‍ ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞതായും കലക്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here