കുത്തന്നൂര്‍ കോളേജ് ഉദ്ഘാടനം 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

0
13

കുത്തന്നൂര്‍: ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദ്ഘാടനം ഒക്‌ടോബര്‍ 28ന് ഉച്ചയ്ക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. കോളേജ് ഉദ്ഘാടനത്തിന്റെ ഭാഗമായി രൂപവത്കരിച്ച സ്വാഗത സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോളേജ് ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
കോളേജ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എ. കെ ബാലന്‍ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, ആലത്തൂര്‍ എം.പി. പി.കെ.ബിജു എന്നിവര്‍ മുഖ്യാതിഥികളാകും. 15-ാമത് ദേശീയ കായിക മേളയില്‍ റിലേയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ റസാഖിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ആദരിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സുമ, പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജി.എസ്.ദിലീപ് ലാല്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം എന്നീ കോഴ്‌സുകളാണ് കോളജിലുള്ളത്. തോലന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലത്താണ് കോളജ് കെട്ടിടം നിര്‍മിച്ചത്. സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി എ.കെ ബാലന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഒരു ഭൂഗര്‍ഭ നിലയടക്കം മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളാണുള്ളത്. മുമ്പ് ഓഗസ്റ്റ് 12 ന് കോളജ് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രളയക്കെടുതി കാരണം മാറ്റിവെക്കുകയായിരുന്നു. എങ്കിലും വിദ്യാര്‍ഥികള്‍ക്ക് അധ്യയന ദിനങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. സ്വാഗത സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, എ.ഡി.എം. ടി.വിജയന്‍, മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍, കോളജ് അധ്യാപകര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here