പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: ആക്ഷന്‍ പ്ലാനുകളുടെ രൂപീകരണം അന്തിമഘട്ടത്തില്‍

0
33

പത്തനംതിട്ട:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ തയാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ ആക്ഷന്‍ പ്ലാനുകളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. ഈ മാസം 31നകം ആക്ഷന്‍ പ്ലാനുകളുടെ പരിശോധന പൂര്‍ത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല കര്‍മ്മസമിതി യോഗത്തില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ് അറിയിച്ചു.
ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന മികച്ച പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. അടിസ്ഥാനം, ഗണിതം, ഭാഷാശേഷികള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ആക്ഷന്‍ പ്ലാനുകള്‍ തയാറാക്കുക. എല്ലാ സ്‌കൂളുകളും അഞ്ച് മാസ്റ്റര്‍പ്ലാന്‍ നിര്‍ദേശങ്ങളെങ്കിലും ആക്ഷന്‍ പ്ലാനുകളാക്കി മാറ്റേണ്ടതുണ്ട്. ഇതിന്റെ പരിശോധന പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയോഗങ്ങള്‍, സ്‌കൂള്‍ പ്രഥമാധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടക്കുക. സ്‌കൂളുകളില്‍ ജൈവഉദ്യാനങ്ങള്‍ക്കായി സര്‍വശിക്ഷ അഭിയാന്‍ ജില്ലയിലെ 22 വിദ്യാലയങ്ങള്‍ക്ക് 20000 രൂപ വീതം നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം 57 വിദ്യാലയങ്ങള്‍ക്ക് 10000 രൂപ വീതവും ജില്ലയില്‍ അനുവദിച്ചിരുന്നു. ഫണ്ട് ലഭിക്കാത്ത നിരവധി വിദ്യാലയങ്ങളും ജൈവവൈവിധ്യ ഉദ്യാനമെന്ന സങ്കല്‍പ്പത്തെ യാഥാര്‍ഥ്യമാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പ്രളയത്തില്‍ വെള്ളം മൂടികിടന്ന നിരവധി വിദ്യാലയങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം ഭാഗികമായി നശിച്ചു. 13 വിദ്യാലയങ്ങളിലേത് പൂര്‍ണമായും നശിച്ചു.
ഹരിതകേരള മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ഇത്തരത്തില്‍ നശിച്ച ഉദ്യാനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനവും യോഗം ചര്‍ച്ച ചെയ്തു. കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയത്തില്‍ ജില്ലയിലെ സ്‌കൂള്‍ ലൈബ്രറികള്‍ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതില്‍ പൂര്‍ണമായും നശിച്ച ജില്ലയിലെ 10 ലൈബ്രറികള്‍ പുനര്‍നിര്‍മിച്ച് നല്‍കാനും തീരുമാനമായി. ജില്ലാതലത്തില്‍ വായനാവികസനത്തിനുള്ള പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങളില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍തല റിക്രിയേഷണല്‍ കൗണ്‍സലിംഗ് നടന്നുവരുന്നുണ്ട്. എഡിഎം പി.ടി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ ഗോപി, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. ആര്‍. വിജയമോഹന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ബി. ലീലാകൃഷ്ണന്‍നായര്‍, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.എസ്. ഫിറോഷ്ഖാന്‍, ജില്ലാ ആസൂത്രണ ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here