കുളത്തുമ്മല്‍ തോടിന്റെ സംരക്ഷണത്തിനായി പുഴനടത്തം

0
6

തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പുഴനടത്തം സംഘടിപ്പിച്ചു. കാട്ടാക്കടയുടെ ജീവനാഡിയായ കുളത്തുമ്മല്‍ തോടിന്റെ സംരക്ഷണത്തിനായും ജലസ്രോതസുകളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായാണ് പുഴനടത്തം സംഘടിപ്പിച്ചത്. ഐ.ബി. സതീഷ് എം.എല്‍.എ പുഴ നടത്തം ഉദ്ഘാടനം ചെയ്തു. നീര്‍ച്ചാലുകളുടെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് എം.എല്‍.എ പറഞ്ഞു. ജലം മലിനമാകുന്നതിലൂടെ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ആരോഗ്യകരമായ പുതുതലമുറയ്ക്കായി ജലസ്രോതസുകളെ സ്വന്തം മക്കളെപ്പോലെക്കണ്ട് സ്നേഹിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മൈലാടിക്കുളം മുതല്‍ അമ്പലത്തിന്‍കാല വരെയുള്ള 11 കിലോമീറ്റര്‍ ദൂരമായിരുന്നു ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ പുഴനടത്തം. എം.എല്‍.എയ്ക്കൊപ്പം ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിയും പുഴ നടത്തത്തിന് നേതൃത്വം നല്‍കി. നീര്‍ച്ചാലുകളുടെയും പുഴകളുടെയും സംരക്ഷണം നാട്ടുകാര്‍ ആത്മാര്‍ത്ഥമായി ഏറ്റെടുക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ ആ തെറ്റ് തിരുത്തി ആരോഗ്യകരമായ ഭാവിയെ വാര്‍ത്തെടുക്കുന്നതിന് കൂടെ കൂടണമെന്നും കളക്ടര്‍ വാസുകി അഭ്യര്‍ത്ഥിച്ചു.
ജില്ലയിലെ 16 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പുഴനടത്തത്തില്‍ പങ്കെടുത്തു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമാകും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കുളത്തുമ്മല്‍ തോടിന്റെ സംരക്ഷണത്തിനായുള്ള പുഴനടത്തത്തിന് ഹരിത കര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here