കല്ലടിക്കോടന്‍ കരിനീലി അരങ്ങിലേക്ക്

0
20

പാലക്കാട് : ഡ്രാമ വില്ലേജിന്റെ ബാനറില്‍ കേരളത്തിലെ മന്ത്രവാദപ്പെരുമയിലെ ഉപാസന ദേവതയായ കല്ലടിക്കോടന്‍ കരിനീലിയുടെ കഥ നാടകരൂപത്തില്‍ അരങ്ങിലെത്തുന്നു. പ്രമുഖ നാടകപ്രവര്‍ത്തകന്‍ രവി തൈക്കാടാണ് നാടകം അരങ്ങിലെത്തിക്കുന്നത്. അരങ്ങിലും അണിയറയിലുമായി കേരളത്തിലെ അമ്പതോളംകലാകാരന്മാര്‍ വേദിയിലെത്തുന്നു. നാടകത്തില്‍ ജാതിവ്യവസ്ഥയെ അതിജീവിക്കാന്‍ പോരാടിയ ഒരു സമുദായത്തിന്റെ കലാസപര്യയും മന്ത്രവാദപ്പെരുമയും കരിനീലിയാട്ടവും ആചാരാനുഷ്ഠാനങ്ങളോടെ നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചലച്ചിത്ര ഗാനരചയിതാവ് വി.കെ.ഷാജി എഴുതിയ ഗാനങ്ങള്‍ നാടന്‍പാട്ടുകാരനായ മധുമുണ്ടകമാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കെ.എ.നന്ദജനാണ് വെളിച്ചശബ്ദ സംവിധാനം. നിര്‍മ്മാണ നിര്‍വ്വഹണം പി.വി.ചന്ദ്രഹാസനാണ്. കെപിഎസി നാടകങ്ങളിലൂടെ ശ്രദ്ധേയനായ ബിജു അനന്തകൃഷ്ണന്‍ പശ്ചാത്തലസംഗീതവും കൃഷ്ണന്‍ കണ്ണാടി കലയും പുതുപ്പരിയാരം കൃഷ്ണന്‍കുട്ടി ചമയവും അമ്പിളിബേബിഗിരിജ വസ്ത്രാലങ്കാരവും ലതാമോഹന്‍സ്വാമി കണ്ണാടി കൊറിയോഗ്രാഫിയും ജോജുജാസ് പരസ്യകലയും ജിനേഷ് തൊടങ്ങില്‍ ഏകോപനവും നിര്‍വ്വഹിക്കുന്നു.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് പാലക്കാട് ടൗണ്‍ഹാളില്‍ നാടകം അവതരിപ്പിക്കും. പാലക്കാടിന്റെ ചരിത്രകഥകളും മിത്തുകളും നാടകത്തിലൂടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടകഗ്രാമം പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിഡന്റ് ജിനേഷ് തൊടങ്ങില്‍, സെക്രട്ടറി പി.വി.ചന്ദ്രഹാസന്‍, വൈസ് പ്രസിഡന്റ് ജോജുജാസ് എന്നിവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here