വനംഉദ്യോഗസ്ഥനെതിരെ ഭീഷണിമുഴക്കിയ എം എല്‍ എക്കെതിരെ കേസ്; പരാതിക്കാരനെതിരെ ആദിവാസികള്‍ രംഗത്ത്

0
8

മണ്ണാര്‍ക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയ എം.എല്‍.എ ക്കെതിരെ കേസ്. കോങ്ങാട് എം.എല്‍. എ. കെ.വി.വിജയദാസിനെതിരെയാണ് മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തത്. കൃത്യ നിര്‍വഹണം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി ഉയര്‍ത്തിയെന്നാരോപിച്ചാണ് കേസ്.
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തില്‍ പൂഞ്ചോല പാമ്പന്‍ തോട് മേഖലയില്‍ വന ഭൂമി കയ്യേറി യെന്നാരോപിച്ച് കോളനി നിവാസികളെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജീവനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് എം.എല്‍.എ ക്കെതിരെ കേസ് രേഖപ്പെടുത്തിയത്.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണം എം.എല്‍.എ നിഷേധിച്ചു.പരാതിക്കാരന്‍ പുറത്ത് വിട്ട ശബ്ദ രേഖ തന്റെതല്ലെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വിജയദാസ് എം. എല്‍.എ അറിയിച്ചു.

ഇതേ സമയം വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ ആദിവാസികളടങ്ങുന്ന കോളനി നിവാസികള്‍ രംഗത്തെത്തി.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ശംസുദ്ധീന്റെ നേതൃത്വത്തില്‍ നൂറോളം കോളനി നിവാസികളായ കര്‍ഷകരാണ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രകോപനവും കൂടാതെ കോളനികളിലുള്ള കുടിലുകളില്‍ അതിക്രമിച്ചു കടക്കുക്കുകയും, ഭീഷണിപ്പെടുത്തുകയും, കുടിയൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്ത വനം വകുപ്പിനെതിരെയാണ് കര്‍ഷകര്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും ഭൂമി കയ്യേറിയെന്ന് ആരോപിച്ചു കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചെന്നും,കുടിവെള്ള സ്രോതസ്സ് ഇല്ലാതാക്കിയെന്നും ഇവര്‍ പറയുന്നു.കൈവശമുള്ള ഭൂമിയുടെ രേഖകള്‍ വിശ്വസനീയമല്ലെന്നു വാദിക്കുന്ന വനം വകുപ്പിന്റെ യുക്തി മനസ്സിലാവുന്നില്ലെന്നും,വ്യക്തമായ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എം.എല്‍.എ ക്കെതിരെ ഉയര്‍ന്ന വന്ന ആരോപണത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ പൊതുജനങ്ങളുടെ വികാരമാണ് വിജയദാസ് എം.എല്‍.എ പ്രകടിപ്പിച്ചിട്ടുണ്ടാവുക എന്നും, ശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നതായും കോളനി നിവാസികള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ശംസുദ്ധീന്‍,പി.മണികണ്ഠന്‍, എം.എസ്.സാബു, ബേബി ചെറുകര, കോളനി മൂപ്പന്‍ കുട്ടന്‍, തങ്കമ്മ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here