ജില്ലയില്‍ മോഷണം കൂടുന്നു; പ്രധാന ജംഗ്ഷനുകളിലെല്ലാം സി.സി.ടി.വി ; കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം

0
8
പാലക്കാട് : ജില്ലയില്‍ ടൗണ്‍ കേന്ദ്രീകരിച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമായി മോഷണങ്ങള്‍ നടക്കുന്നത് കൂടുന്നു. ഈ വര്‍ഷം ഓഗസ്റ്റ് വരെ രജിസ്റ്റര്‍ ചെയ്തത് 158 കേസുകളാണ്. ബൈക്കുകളില്‍ വന്ന് മാലപൊട്ടിക്കല്‍, വീട്, ജ്വല്ലറി മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളാണ് കൂടുതലായി നടക്കുന്നത്. കൂടാതെ പ്രൈവറ്റ് ബസുകളിലും മോഷണം നടക്കുന്നത് കൂടിവരുന്നുണ്ട്. ഇത്തരം കേസുകളില്‍ പിടിയിലാവുന്നത് കൂടുതലും തമിഴ്നാട് നിന്നുള്ള സ്ത്രീകളാണെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
മോഷണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണത്തിന് കാര്യമായ കുറവില്ല. പൂട്ടിയിടുന്ന വീടുകളില്‍ നടക്കുന്ന മോഷണങ്ങള്‍ ജില്ലയില്‍ കൂടുതലാണ്. ടൗണ്‍ കേന്ദ്രീകരിച്ച് പത്തും മറ്റ് പ്രദേശങ്ങളില്‍ നാലു പേരുമടങ്ങുന്ന സംഘമാണ് രാത്രികാല പട്രോളിംഗ് നടത്തുന്നത്. എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. ബാങ്ക്, എ.ടി.എം, ജ്വല്ലറി, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിവയാണ് കൂടുതല്‍ നിരീക്ഷിക്കുക.
മോഷണം കൂടുന്നതിനെതിരെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസ് നടത്താറുണ്ട്. ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഡി വൈ എസ് പി ഓഫീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here