മാനന്തവാടിയിലെ സബ് റീജീണല്‍ ഓഫീസ് അടച്ച് പൂട്ടി; ടീ ബോര്‍ഡിനെതിരെ കര്‍ഷക സംഘടനകള്‍

0
5

കല്‍പ്പറ്റ: ചെറുകിട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ഉപകാരപ്രദമായ മാനന്തവാടിയിലെ സബ് റീജീണല്‍ ഓഫീസ് അടച്ച് പൂട്ടിയ നടപടി ടീ ബോര്‍ഡ് പിന്‍വലിക്കണമെന്ന ആവശ്യവുമായി തേയില കര്‍ഷക സംഘടനകള്‍ രംഗത്ത്. വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ടീ ബോര്‍ഡിന്റെ സബ് റീജിണല്‍ ഓഫീസ് അടച്ച് പൂട്ടി.കഴിഞ്ഞ ദിവസമാണ് ഈ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പൂട്ടിയ മാനന്തവാടിയിലെ സബ് റീജിണല്‍ ഓഫീസ് ഗൂഡല്ലൂരിലുള്ള റീജിണല്‍ ഓഫീസില്‍ ലയിപ്പിക്കുകയും ചെയ്തു.സാമ്പത്തിക പ്രതിസന്ധിയാണ് മാനന്തവാടിയിലെ ഓഫീസ് അടച്ച് പൂട്ടാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വയനാട്ടിലെ തേയില കര്‍ഷകരും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന ടീ ബോര്‍ഡിന്റെ ജില്ലയിലെ ഏക ഓഫീസായിരുന്നു മാനന്തവാടിയിലേത്.2016 ലാണ് മാനന്തവാടിയില്‍ ടീ ബോര്‍ഡിന്റെ സബ് റീജിണല്‍ ഓഫീസ് പ്രവൃത്തിച്ച് തുടങ്ങിയത്.ഡവലപ്പ്‌മെന്റ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഈ ഓഫീസിലുണ്ടായിരുന്നത്.

ഒക്ടോബര്‍ 11നാണ് മാനന്തവാടിയിലെ ഓഫീസ് നവംബര്‍ ഒന്ന് മുതല്‍ അടച്ച് പൂട്ടണമെന്ന് കാണിച്ച് ടീബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവ് നല്‍കിയത്.ഉത്തരവ് ഇറങ്ങിയതറിഞ്ഞ് തേയില കര്‍ഷക സംഘടന പ്രതിനിധികള്‍ നീലഗിരിയിലുള്ള ടീ ബോര്‍ഡ് അംഗം മനോജ്കുമാറിനെ സമീപിച്ചിരുന്നു.മനോജ്കുമാറും സംഘടനാ പ്രതിനിധികളും കൂന്നൂറുള്ള സോണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ അരസനുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.മാനന്തവാടിയിലെ റീജണല്‍ ഓഫീസ് കല്‍പ്പറ്റയിലേക്ക് മാറ്റുകയുള്ളൂവെന്ന് സംഘടനാ പ്രതിനിധികള്‍ക്ക് സോണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ മാനന്തവാടിയിലെ ഓഫീസ് പൂട്ടുന്നതിരെയുള്ള കര്‍ഷക പ്രതിഷേധം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഉറപ്പ് നല്‍കിയതെന്ന് കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു.കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീ ബോര്‍ഡിന് കേരളത്തില്‍ മാനന്തവാടിയിലും ഇടുക്കി കുമളിയിലുമായിരുന്നു സബ് റീജിണല്‍ ഓഫീസുണ്ടായിരുന്നത്.മാനന്തവാടി ഓഫീസ് അടച്ച് പൂട്ടിയതോടെ കേരളത്തില്‍ ടീ ബോര്‍ഡിന്റെ ഓഫീസ് കുമുളിയില്‍ മാത്രമൊതുങ്ങി.വയനാടിന്റെ ഒരു അതിര്‍ത്തിയായ പേര്യയിലെ തേയില കര്‍ഷകരും,തൊഴിലാളികളും അവരുടെ പ്രശ്‌നങ്ങള്‍ ടീ ബോര്‍ഡ് അധിക്യതരെ അറിയിക്കണമെങ്കില്‍ ഇനി 130 കിലോമീറ്റര്‍ സഞ്ചരിച്ച് ഗൂഡല്ലൂരിലെത്തണം.

സമാന അവസ്ഥയാണ് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്കും.സാമ്പത്തിക പ്രതിസന്ധിയാണ് ഓഫീസ് മാറ്റത്തിന് കാരണമായി പറയുന്നതെങ്കിലും ഓഫീസ് മാറ്റത്തോടെ ടീ ബോര്‍ഡിന് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക.തേയിലത്തോട്ടങ്ങള്‍ പരിശോധിക്കുന്നതിനും, തൊഴിലാളികളെ കുറിച്ച് അന്വേഷിക്കുന്നതിനും ടീ ബോര്‍ഡ് ജീവനക്കാര്‍ ഗൂഡല്ലൂരില്‍ നിന്ന് വയനാട്ടില്‍ വരണം.വാഹന വാടകയും, ജീവനക്കാരുടെ യാത്ര ബത്തയും മറ്റുമുള്‍പ്പെടെ വന്‍തുക ടീ ബോര്‍ഡിന് സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുക.ചെറുകിട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള സബ്‌സിഡി, തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കണമെങ്കില്‍ ഗൂഡല്ലൂരിലെ റീജിണല്‍ ഓഫീസില്‍ പേകേണ്ട സ്ഥിതിയാണുള്ളത്.ഇത് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വലിയ പ്രയാസമുണ്ടാക്കും.മാനന്തവാടിയിലെ സബ് റീജിണല്‍ ഓഫീസ് അടച്ച് പൂട്ടിയതിനോടൊപ്പം കോയമ്പത്തൂരിലേയും,കുന്തയിലേയും സബ് റീജിണല്‍ ഓഫീസുകളും മുമ്പ് അടച്ച് പൂട്ടിയിരുന്നു.ഈ ഓഫീസുകള്‍ കൂന്നൂര്‍ സോണല്‍ ഓഫീസില്‍ ലയിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കുന്തയിലെ ചെറുകിട തേയിലകര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് സബ് റീജിണല്‍ ഓഫീസ് കുന്തയില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു.നീലഗിരി ജില്ലയില്‍ 45 കിലോമീറ്റര്‍ ചുറ്റളവില്‍ ഇപ്പോള്‍ ടീ ബോര്‍ഡിന്റെ നാല് ഓഫീസുകളാണ് പ്രവൃത്തിക്കുന്നത്. കുന്നൂരില്‍ സോണല്‍ ഓഫീസ്,ഗുഡല്ലൂര്‍,കോത്തഗിരി എന്നിവിടങ്ങളില്‍ റീജിണല്‍ ഓഫീസ്,കുന്തയില്‍ സബ് റീജിണല്‍ ഓഫീസ് എന്നിവയാണവ.

LEAVE A REPLY

Please enter your comment!
Please enter your name here