കോടമഞ്ഞിന്റെ കുളിരേറ്റ് പാഞ്ചാലിമല കാണാം; പുതുവത്സരത്തോടനുബന്ധിച്ച് ട്രക്കിംഗും ഓഫ്‌റോഡ് ജീപ്പ് സവാരിയും

0
37

ഇടുക്കി : കോടമഞ്ഞിന്റെ കുളിരും കാഴ്ചയുടെ മനോഹാരിതയും ഐത്യഹ്യവും ചേര്‍ന്നു പാഞ്ചാലിമേട് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാകുന്നു. ജില്ലയിലെ പീരുമേടിനുസമീപം ( മുറിഞ്ഞപുഴ) സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ ്സ്ഥാനം. ഹരിതശോഭ നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും മലനിരകളുടെ ദൂരക്കാഴ്ച്ചയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. കുറ്റമറ്റസംവിധാനമാണെന്നത് പ്രവേശന കവാടംമുതല്‍ സഞ്ചാരികള്‍ക്കു ബോധ്യപ്പെടും. നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പ്, ടോയ്‌ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ എന്നിവയെല്ലാം ക്രമീകരിച്ചിരിക്കുന്നു. പ്രകൃതി മനോഹരമായ മലനിരകളും കോടമഞ്ഞും അലങ്കരിക്കുന്ന പാഞ്ചാലിമേട്ടില്‍ നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. ഇടുക്കിയുടെ പഴയകാല ഓര്‍മ പുതുക്കുന്ന ഏറുമാടം വരെ സജ്ജീകരിച്ചിരിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമെന്നതിനു പുറമെ മഹാഭാരതവുമായി ബന്ധപ്പെട്ട് പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യമാണ് പാഞ്ചാലിമേടിന്റെ മറ്റൊരു പ്രത്യോകത. പാഞ്ചാലിക്കുളവും, അവിടുള്ള ക്ഷേത്രവും, പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകള്‍ പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതപ്പെടുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഭീമന്‍ ക്ഷേത്ര ഗുഹയും ഈ ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണുവാന്‍ കഴിയും.ശബരിമലയുമായി ബന്ധപ്പെട്ട് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണുവാന്‍ കഴിയും. അയ്യായിരത്തിലധികം പേരാണ് മകരവിളക്ക് നേരിട്ട് ദര്‍ശിക്കുന്നതിനായി ഇവിടെയെത്തുന്നത്. കുന്നുകളാല്‍ ചുറ്റപ്പെട്ട ഇവിടെ ഒരു കുന്നില്‍ ശ്രീ ഭുവനേശ്വരീദേവിയുടെ ക്ഷേത്രവും മറു കുന്നില്‍ കുരിശും സ്ഥിതി ചെയ്യുന്നു. മൂന്നര കോടി രൂപയോളം ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് ആദ്യ ഘട്ടമായി പൂര്‍ത്തീകരിച്ചത്. സാഹസിക യാത്രയ്ക്ക് യോജിച്ച സ്ഥലമായതിനാല്‍ ട്രക്കിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി ഭീമന്‍ഗുഹയിലേക്ക് ഗൈഡഡ് ട്രക്കിംഗ് സൗകര്യമേര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഡി.റ്റി.പി.സി. പ്രധാന പോയിന്റില്‍ നിന്നും വണം ഭീമന്‍ ഗുഹയിലെത്താന്‍. ടൂറിസ്റ്റ് ഗൈഡും സഞ്ചാരികളെ ഇവിടേക്ക് അനുഗമിക്കും. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ക്രിസ്തുമസ് പുതുവത്സരം മുന്‍നിര്‍ത്തി ഗൈഡഡ് ട്രക്കിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.റ്റി.പി. സി സെക്രട്ടറി ജയന്‍.പി.വിജയന്‍ പറഞ്ഞു. ഇതോടൊപ്പം പാഞ്ചാലിമേടും അനുബന്ധ പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിനായി ഓഫ് റോഡ് ജീപ്പ് സവാരിയും ഏര്‍പ്പെടുത്തും. രണ്ടാം ഘട്ടമായി പാഞ്ചാലിയുടെ ശില്പം, ബോട്ടിംഗ് ഉള്‍പ്പെടെ നടത്താവുന്ന ചെക്ക്ഡാം, സൗരോര്‍ജ വിളക്കുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള പദ്ധതി നടപ്പാക്കുന്നതിനു നടപടിയായി.
കോട്ടയം കുമളി റോഡില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വളഞ്ഞാംകാനത്തു നിന്നു നാലു കിലോമീറ്റര്‍ ഉളളിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. ടൗണിന്റെ തിരക്കുകള്‍ ബാധിക്കാതെ സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാകും. തുടര്‍ന്ന് ഒരു ലക്ഷത്തില്‍പരം ആളുകളാണ് പാഞ്ചാലിമേട് സന്ദര്‍ശിച്ചതായി ടൂറിസം അധികൃതര്‍ പറയുന്നു. പത്തു രൂപയാണ് പാഞ്ചാലിമേട്ടിലെ പ്രവേശന ഫീസ്.

LEAVE A REPLY

Please enter your comment!
Please enter your name here