തേനീച്ച കൃഷി മലയോരമേഖലയില്‍ സജീവമാകുന്നു

0
111

അടിമാലി: ഇഞ്ചിയും മഞ്ഞളും ഉള്‍പ്പെടെയുള്ള കൃഷികള്‍ ഹൈറേഞ്ചില്‍ ഗണ്യമായി കുറയുമ്പോള്‍ തേനീച്ച കൃഷി മലയോര മേഖലയില്‍ സജീവമാകുന്നു.നാടന്‍ തേനിന് വിപണിയില്‍ ലഭിക്കുന്ന മെച്ചപ്പെട്ട വിലയാണ് കര്‍ഷകരെ തേനീച്ച വളര്‍ത്തലിലേക്ക് ആകര്‍ഷിക്കുന്നത്.മായം കലരാത്ത തേനിന് ഡിമാന്റ്ുള്ളതിനാല്‍ വിപണനം എളുപ്പമാണെന്നതും തേനിച്ച കൃഷിക്ക് മുതല്‍ക്കൂട്ടാകുന്നു.
ഭൂമിയേറെയുള്ള മലയോര കര്‍ഷകര്‍ക്ക് അധിക ചെലവുകളിലില്ലാതെ മെച്ചപ്പെട്ട വരുമാനത്തിന് സാധ്യതയൊരുങ്ങുന്നതാണ് തേനീച്ച വളര്‍ത്തലിലേക്ക് കര്‍ഷകരെ ആശ്രയിക്കുന്ന പ്രധാന ഘടകം.കുറഞ്ഞ ചിലവില്‍ സ്ഥല പരിമിതിയുള്ളവര്‍ക്കും മികച്ച വരുമാനമുണ്ടാക്കാമെന്നതും തേനിച്ച വളര്‍ത്തലിന്റെ പ്രതേകതയാണ്. നാനൂറ് രൂപയാണ് ഒരു കിലോ നാടന്‍ തേനിന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിപണി വില.പ്രതിവര്‍ഷം ഒരു പെട്ടിയില്‍ നിന്നും 15 കിലോ തേന്‍വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.പരീക്ഷണാര്‍ത്ഥം തേനീച്ചകൃഷി തുടങ്ങിയ പല കര്‍ഷകരും ഇന്ന് വാണിജ്യാടിസ്ഥാനത്തിലേക്ക് കൃഷി വ്യാപിപ്പിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തേനീച്ച വളര്‍ത്തലിന് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട പ്രോത്സാഹനം ലഭിക്കുന്നുണ്ട്.തേനിന്റെ പല വിധത്തിലുള്ള ഔഷധ ഗുണവും കര്‍ഷകര്‍ക്ക് ഗുണകരമാകുന്നു.പുരയിടങ്ങളിലെ മറ്റ് കൃഷികള്‍ക്കിടയില്‍ പെട്ടികള്‍ സ്ഥാപിച്ച് തേനീച്ച വളര്‍ത്തല്‍ നടത്താമെന്ന സാധ്യത തിരിച്ചറിഞ്ഞ് അയല്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരും തേനീച്ച വളര്‍ത്തല്‍ സംബന്ധിച്ച് പഠനം നടത്താന്‍ ഇടുക്കിയില്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here