സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ രാജ്യത്തെ കർഷകരിൽ ഭൂരിഭാഗം പേരും പിന്തുണയ്‌ക്കുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് കോടിയിലേറെ കർഷകർ കാർഷിക പരിഷ്‌കരണ ബില്ലിനെ പിന്തുണയ്‌ക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇടനിലക്കാരുടേയും പ്രതിപക്ഷത്തിന്റെ ആസൂത്രിതമായ പ്രക്ഷോഭങ്ങളുടേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർനിയമംപിൻവലിക്കുകയായിരുന്നു

കേന്ദ്രസർക്കാർ പിൻവലിച്ച നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങൾ കാർഷിക പരിഷ്‌കാര നിയമങ്ങൾ നടപ്പാക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ തർക്ക പരിഹാരത്തിനായി സിവിൽ കോടതിയോ ആർബിട്രേഷൻ സംവിധാനങ്ങളോ കർഷകർക്ക് അടിയന്തിരമായി ഏർപ്പെടുത്തണം. കാർഷിക പരിക്ഷകരണ നിയമങ്ങളെ പിന്തുണച്ച നിരവധി കർഷകരോട് അനീതി കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് തയ്യാറാക്കാൻ 266 സംഘടനകളുമായി സമിതി ബന്ധപ്പെട്ടിരുന്നു. സമിതിയ്‌ക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിച്ച 73 കാർഷിക സംഘടനകളിൽ 61 എണ്ണവും കാർഷിക നിയമങ്ങളെ പിന്തുണച്ചു. 86.7 ശതമാനം വരുമിത്. നാല് സംഘടനകൾ എതിർത്തു. ഏഴ് സംഘടനകൾ ഭേദഗതി ആവശ്യപ്പെട്ടു. അവശ്യസാധന നിയമ ഭേദഗതി, കർഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം എന്നീ പരിഷ്‌കാരങ്ങളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ സഹകരണ സ്ഥാപനങ്ങൾ വഴിയോ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ വഴിയോ വേഗത്തിലാക്കണം. അഗ്രികൾച്ചർ മാർക്കറ്റിംഗ് കൗൺസിൽ എല്ലാ സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പിലാക്കണമെന്ന നിർദ്ദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. 92 പേജുള്ള റിപ്പോർട്ടാണ് മൂന്നംഗ സമിതി ഇന്നലെ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടന പ്രസിഡന്റ് അനിൽ ഗൺവത് ഇന്റർനാഷണൽ ഭഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥൻ പ്രമോദ് കുമാർ ജോഷി, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപേന്ദർ സിംഗ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഭൂപേന്ദർ സിംഗ് സമിതിയിൽ നിന്നും സ്വയം ഒഴിവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here