ഗ്രാമീണ വനിതകള്‍ക്കിടയില്‍ സുഗന്ധം പരത്തി ‘മുറ്റത്തെമുല്ല’; വിതരണം ചെയ്തത് 38 കോടിയുടെ വായ്പ

0
23

സുനു ചന്ദ്രന്‍ നീളിപറമ്പില്‍

ആലത്തൂര്‍: സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളുടെയും വട്ടിപ്പലിശക്കാരുടെയും ചൂഷണത്തിനിരയായ ഗ്രാമീണ വനിതകള്‍ക്കിടയില്‍ ‘മുറ്റത്തെമുല്ല; സുഗന്ധം പരത്തുന്നു.കുടുംബശ്രീയും സഹകരണവകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
2018 ജൂണില്‍ സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയത്.എട്ടുമാസം കൊണ്ട് 14,300 ഗുണഭോക്താക്കള്‍ക്കായി 38 കോടി രൂപ വായ്പയായി നല്‍കി.
1,000 മുതല്‍ 25,000 രൂപ വരെ വായ്പ പദ്ധതി പ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക.
നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്നും എടുത്ത കടം ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും വായ്പ നല്‍കും.വായ്പക്കാരനില്‍ നിന്നും 12 ശതമാനം പലിശ(നൂറ് രൂപക്ക് പ്രതിമാസം ഒരു രൂപ)മാത്രമാണ് ഈടാക്കുക.ഇതില്‍ ഒമ്പത് ശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം.
ബാക്കി വരുന്ന പലിശ തുക കുടുംബശ്രീ യൂണിറ്റിനോ,വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റിലെ അംഗത്തിനെ ഉചിതമായ തീരുമാനപ്രകാരം എടുക്കാം.പരമാവധി ഒരു വര്‍ഷമാണ് (52 ആഴ്ച) വായ്പ തിരിച്ചടവിനുള്ള കാലപരിധി.
10 ആഴ്ചകൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പയും ഉണ്ട്.
35 മുതല്‍ 200 ശതമാനം വരെ പലിശയാണ് വട്ടിപ്പലിശക്കാരും സ്വകാര്യ മൈക്രോ ഫിനാന്‍സുകളും ഈടാക്കുന്നത്.ആയിരം രൂപയ്ക്ക് ഇവര്‍ 250 രൂപ പലിശ ഈടാക്കുമ്പോള്‍ മുറ്റത്തെ മുല്ല വായ്പ പ്രകാരം ആയിരം രൂപയ്ത്ത് 23.50 രൂപമാത്രമാണ് പലിശ.പതിനായിരം രൂപയുടെ വായ്പ തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ 7200 രൂപവരെ പലിശ മാത്രം വസൂലാക്കുന്നവരുണ്ട്.
മുറ്റത്തെമുല്ല പദ്ധതിയില്‍ പതിനായിരം രൂപക്ക് 1,200 രൂപ മാത്രമാണ് വാര്‍ഷികപലിശ.വീട്ടുമുറ്റത്ത് വായ്പ സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ പ്രസ്ഥാനം സാധാരണക്കാരുടെ സഹായത്തിന് എത്തുകയാണ്.നടപടിക്രമവും കാലതാമസവും മൂലം വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത പുലര്‍ത്തുന്നവരാണ് കൊള്ളപലിശക്കാരില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലാകുന്നത്.
ഇവരുടെ വീട്ടുമുറ്റത്ത് എത്തി ലളിതമായ നടപടി ക്രമങ്ങളിലൂടെ കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ (മൈക്രോഫിനാന്‍സ്) നല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരിക്കുകയുമാണ് ‘മുറ്റത്തെ മുല്ല’ എന്ന പദ്ധതിയിലൂടെ സഹകരണ വകുപ്പും കുടുംബശ്രീയും ചെയ്യുന്നത്.
പിടിഅയക്കാതെ സ്വകാര്യ മൈക്രോഫിനാന്‍സുകള്‍.പരിമിത വരുമാനക്കാരും പണത്തിന്റെ ആവശ്യം അതിലേറെയുള്ള ഗ്രാമീണ സ്ര്തീകള്‍ ഇപ്പോഴും സ്വകാര്യ മൈക്രോഫിനാന്‍സുകളുടെയും
വട്ടിപ്പലിശക്കാരുടെയും നീരാളിപ്പിടുത്തത്തില്‍ തന്നെയാണ്.ഒരിക്കല്‍ വായ്പ എടുത്താല്‍ പിന്നീട് ഒരിക്കലും മോചനമില്ലാത്ത വിധം കമ്പനികളുടെ ചങ്ങല പദ്ധതില്‍ അവരെ കുടുക്കും.
ഈ മേഖലയിലെ കടക്കെണിയെക്കുറിച്ചും ആത്മഹത്യകളെക്കുറിച്ചും വിവിധ പത്രകളില്‍ വാര്‍ത്തയെത്തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് പഠന സംഘത്തെ നിയോഗിച്ചിരുന്നു.ഇതെന്തായി എന്ന് ആര്‍ക്കും അറിയില്ല. ജില്ലാ കുടുംബശ്രീമിഷനാണ് ഇതേക്കുറിച്ച് പഠിച്ചതും മുറ്റത്തെ മുല്ല പദ്ധതി ആവിഷ്‌കരിച്ചതും.സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും.പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ ‘മുറ്റത്തെ മുല്ല’ മാതൃകാപദ്ധതി വിജയപ്രദമായി.201920 സാമ്പത്തിക വര്‍ഷം സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് സഹകരണ മന്ത്രികടകംപള്ളി സുരേന്ദ്രന്‍ കേരള പ്രണാമത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here