വിളവെടുപ്പിന് പാകമായ നെല്‍കൃഷി നശിപ്പിച്ച് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍

0
29
വാതക പൈപ്പ് ലൈനിന് വേണ്ടി വിളവെടുപ്പിന് പാകമായ നെല്‍കൃഷി നശിപ്പിച്ച നിലയില്‍.

ആലത്തൂര്‍: കര്‍ഷക പ്രതിഷേധം വകവെക്കാതെ കാവശേരി, ആറാപുഴ, വെങ്ങന്നൂര്‍ പ്രദേശത്ത് പാചകവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തകൃതിയായി തുടരുന്നു.
കൊച്ചി-സേലം പൈപ്പ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കലിന് നേതൃത്വം കൊടുക്കുന്നത്.
എന്നാല്‍ കൃഷി നശിപ്പിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കാനാവില്ലെന്ന നിലപാടണ് കര്‍ഷകര്‍ക്കുള്ളത്. രണ്ടാംവിള കൊയ്ത്തിനുശേഷം വയലുകള്‍ മൂന്നുമാസത്തോളം തരിശിടുന്ന സമയത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കാമെന്ന നിര്‍ദേശമാണ് അവര്‍ക്കുള്ളത്.
കമ്പനി അധികാരികളാവട്ടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയുള്ള പദ്ധതി ഉടന്‍ നടപ്പാക്കിയേതീരൂ എന്ന നിലപാടിലാണ്. ഇപ്പോള്‍ കിലോമീറ്ററുകളോളം വിളവെടുപ്പിന് പാകമായ നെല്‍കൃഷി നശിപ്പിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ മുന്നോട്ട് പോകുന്നത്. അതേ സമയം ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പങ്കാളിത്തമുള്ള സി.സി.കെ. പെട്രോനെറ്റ് 18 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത സ്ഥലത്ത് നിലവില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന പൈപ്പ് ലൈനുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ഭാരത് പെട്രോളിയം കോര്‍പറേഷന്റെയും സംയുക്ത സംരംഭമാണ് കൊച്ചിസേലം പൈപ്പ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ്.
ഉപയോഗാവകാശ നിയമപ്രകാരം ഏറ്റെടുത്ത സ്ഥലത്ത് വീണ്ടും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വീണ്ടും നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
മാനുഷിക പരിഗണനമൂലം സ്വാന്ത്വന പ്രതിഫലമായി നെല്‍ക്കൃഷിക്ക് സെന്റിന് 3,761 രൂപ നല്‍കും. ഏറ്റവും കുറഞ്ഞത് 15,000 രൂപയും ന്യായവിലയുടെ അടിസ്ഥാനത്തില്‍ ഒമ്പത് മീറ്ററിന് ആനുപാതികമായി 20 ശതമാനം തുകയും നല്‍കും. മറ്റ് വിളകള്‍ക്കും മാനദണ്ഡപ്രകാരം നല്‍കും. കര്‍ഷകര്‍ ഭൂമിയുടെ രേഖഹാജരാക്കുന്നതിന് അനുസരിച്ചായിരിക്കും നഷ്ടപരിഹാരം നല്‍കുകയെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here