നാടു വിറപ്പിച്ച് കാട്ടുകൊമ്പന്മാര്‍

0
4

പുല്‍പള്ളി : കന്നാരംപുഴ കടന്ന് ചാമപ്പാറയിലെത്തിയ കാട്ടാന വന്‍തോതില്‍ കൃഷി നശിപ്പിച്ചു.
നെടുന്താനത്ത് ബ്രിജീത്ത, പ്ലാവനാക്കുഴി ഷിബു എന്നിവരുടെ സ്ഥലത്താണ് വന്‍ കൃഷിനാശമുണ്ടായത്. കര്‍ഷകര്‍ സ്വന്തമായി സ്ഥാപിച്ച വൈദ്യുതി വേലികളും തകര്‍ത്തു. വനംവകുപ്പിന്റെ വേലി പൊട്ടിച്ചെറിഞ്ഞ ശേഷമാണ് ഇവരുടെ സ്ഥലത്തിനരികിലുണ്ടായിരുന്ന വേലിയും തകര്‍ത്തത്. 4 തവണയായി ബ്രിജീത്തയുടെ സ്ഥലത്ത് 300 വാഴയും കവുങ്ങ്, ജാതി എന്നിവയും നശിപ്പിച്ചു. 3 തവണ അപേക്ഷ നല്‍കിയിട്ടും സഹായമൊന്നും ലഭിക്കാത്ത അനുഭവമാണ് കൃഷിക്കാരുടേത്.
കര്‍ണാടക വനത്തില്‍ നിന്നെത്തുന്ന ആനകളാണെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അവരും തയാറല്ല.
ഇപ്പോള്‍ നാട്ടിലിറങ്ങുന്ന ആന കാവല്‍ക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. പടക്കം പൊട്ടിക്കുകയോ, ടോര്‍ച്ച് തെളിക്കുകയോ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ആന കാല്‍ ചുവട്ടിലെത്തുമെന്ന് വാച്ചര്‍മാര്‍ പറയുന്നു. റോഡ് വഴി കറങ്ങുന്ന ആനയുടെ മുന്നില്‍ നിന്ന് പലപ്പോഴും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അവര്‍ പറയുന്നു. 2 മാസമായി ഈ കൊമ്പനാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പരത്തുന്നത്.
വനത്തില്‍ നിന്നിറങ്ങി ദിര്‍ഘദൂരം സഞ്ചരിക്കുന്ന ഈ ആന അടുത്തിടെയാണ് ഈ പ്രദേശത്തെത്തിയത്.
സന്ധ്യ കഴിഞ്ഞാല്‍ വണ്ടിക്കടവ് മുതല്‍ കൊളവള്ളി വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം കൃഗന്നൂര്‍, കബനിഗിരി ഭാഗത്ത് പുള്ളിപ്പുലിയേയും കണ്ടവരുണ്ട്. രാത്രി നാട്ടുകാരും വനപാലകരും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. കബനി കടന്നെത്തിയ പുള്ളിപ്പുലി ഇവിടെ തന്നെയുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

 

LEAVE A REPLY

Please enter your comment!
Please enter your name here