സബ് കളക്ടറെ പിന്തുണച്ച് സിപിഐ; വിവാദപരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; എംഎല്‍എയുടെ നില പരുങ്ങലില്‍

0
8

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ നില പരുങ്ങലിലായി. വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനെ രാജേന്ദ്രന്‍ സബ് കളക്ടര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.

മൂന്നാര്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സബ്കളക്ടര്‍ സ്വന്തം ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ല. നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. എസ്.രാജേന്ദ്രന്റെ പരാമര്‍ശം അദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ സബ് കളക്ടര്‍ രേണു രാജിനു പൂര്‍ണ പിന്തുണയുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. സബ് കളക്ടറുടെ നടപടി നുറുശതമാനം ശരിയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുന്നാറിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവള്‍ ആണെന്നും വെറും ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

ഇതിനിടെ മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ് കളക്ടര്‍ എ.ജി.ക്ക് കൈമാറി. എന്നാല്‍ വ്യക്തിപരമായി അധിഷേപിച്ച കാര്യം സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല. പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തന നീക്കം കോടതിവിധിയുടെ ലംഘനമാണെന്നും സ്റ്റോപ്പ് മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി കോടതിയലക്ഷ്യമായി പരിഗണിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പഞ്ചായത്തിന്റെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

റിപ്പോര്‍ട്ടില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ യ്ക്ക് എതിരേയും പരാമര്‍ശമുണ്ട്. പഞ്ചായത്ത് നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എ യുടെ സാന്നിദ്ധ്യത്തില്‍ ആണെന്ന് പറയുന്നു. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മ്മാണം അനധികൃതമാണെന്ന് കാണിച്ചാണ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിനെതിരേ എംഎല്‍എ രംഗത്ത് വരികയും കളക്ടറെ വ്യക്തി അധിക്ഷേം നടത്തുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു.

കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്റെ നടപടി. തുടര്‍ന്ന് കളക്ടര്‍ക്കെതിരേ വ്യക്തിപരമായ അധിക്ഷേപവും എംഎല്‍എ നടത്തി. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഇതിന്മേലായിരുന്നു സ്റ്റോപ്പ് മെമ്മോ കളക്ടര്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here