ഉള്‍നാടന്‍ മല്‍സ്യകൃഷിക്ക് പ്രചാരമേറുന്നു; സഹായ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

0
8
തളിപ്പുഴ ഹാച്ചറി

കല്‍പ്പറ്റ: ജില്ലയില്‍ ഉള്‍നാടന്‍ മല്‍സ്യകൃഷിയില്‍ വന്‍ മുന്നേറ്റം. ഓരോ വര്‍ഷവും മല്‍സ്യകര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇതു മുന്നില്‍ക്കണ്ട് വകുപ്പ് മേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. പൊതുജലാശയങ്ങളില്‍ മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സാമൂഹിക മല്‍സ്യകൃഷി പദ്ധതിക്കും ഇന്ന് ഏറെ പ്രചാരമുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 12.45 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. ഈ തുക വിനിയോഗിച്ച് ആറു ഗ്രാമപഞ്ചായത്ത് പരിധിയിലെ പുഴകളില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട 12,15,350 മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഗ്രീന്‍ബുക്ക് പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് കള്‍ച്ചര്‍, ആസാംവാള കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍, കേജ് കുളങ്ങളിലെ അലങ്കാര മല്‍സ്യ റിയറിങ് യൂനിറ്റ്, അലങ്കാര മല്‍സ്യ റിയറിങ് യൂനിറ്റ്, ലൈവ് ഫിഷ് മാര്‍ക്കറ്റ്, പടുതാകുളങ്ങളിലെ കരിമീന്‍ കൃഷി എന്നിവയും നടപ്പാക്കിവരുന്നു. ഈ പദ്ധതികള്‍ക്കായി 7,997 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ തുകയില്‍ നിന്ന് ഇതുവരെ 24.42 ലക്ഷം രൂപ ചെലവഴിച്ചു. ബ്ലൂ റെവല്യൂഷന്‍ പദ്ധതി പ്രകാരമുള്ള പുന:ചംക്രമണ മല്‍സ്യകൃഷി, ആസാംവാള കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി എന്നിവയ്ക്കായി വകയിരുത്തിയ 38.44 ലക്ഷം രൂപയില്‍ നിന്ന് 24.77 ലക്ഷം വിനിയോഗിച്ചു. ജനകീയ മല്‍സ്യകൃഷി പദ്ധതി പ്രകാരമുള്ള നാലു ഘടക പദ്ധതികള്‍ക്കായി 11.79 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയത്. ഇതില്‍ നിന്ന് ഇതുവരെ 7.2 ലക്ഷം രൂപ ചെലവഴിച്ചു.
2017-18 വര്‍ഷം എട്ടു തദ്ദേശസ്ഥാപന പരിധികളിലെ ജലാശയങ്ങളില്‍ 10.2 ലക്ഷം രൂപ വിനിയോഗിച്ച് മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തദ്ദേശസ്ഥാപനം, നിക്ഷേപിച്ച മല്‍സ്യക്കുഞ്ഞുങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍: പൂതാടി- 1,89,679, തൊണ്ടര്‍നാട്- 1,42,259, കോട്ടത്തറ- 1,42,259, വെള്ളമുണ്ട- 1,91,487 (കാര്‍പ്പ് മല്‍സ്യങ്ങള്‍), മുട്ടില്‍- 1,500, പൊഴുതന- 1,500, എടവക- 1,500, മാനന്തവാടി മുനിസിപ്പാലിറ്റി- 1,500 (നാടന്‍ മല്‍സ്യങ്ങള്‍).
മല്‍സ്യകൃഷി വ്യാപനത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ നിരവധിയുണ്ട്. ജനകീയ മല്‍സ്യകൃഷിയുടെ ഭാഗമായി 2017-18 വര്‍ഷം വിഭാവനം ചെയ്ത മാതൃകാ മല്‍സ്യക്കുളം ഏറെ ജനകീയമായി. മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഇതിനായി 36,50,000 രൂപ അനുവദിച്ചു. ജില്ലയിലെ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 74 ഗുണഭോക്താക്കള്‍ കുളം നിര്‍മിച്ച് പദ്ധതിയുടെ ഭാഗമായി. ഇവര്‍ക്ക് 2,12,700 മല്‍സ്യക്കുഞ്ഞുങ്ങളെയാണ് നല്‍കിയത്. ചെറിയ കുളങ്ങളിലെ മല്‍സ്യകൃഷി 2017-18 സാമ്പത്തിക വര്‍ഷം ഒമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് ജില്ലയിലെ 26 തദ്ദേശസ്ഥാപന പരിധിയിലെ 4,957 കര്‍ഷകര്‍ക്കായി 15,39,120 മല്‍സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വലിയ കുളങ്ങളിലെ മല്‍സ്യകൃഷിക്കായി 2.25 ലക്ഷം രൂപയാണ് അനുവദിച്ചത്. 104 മല്‍സ്യകര്‍ഷകര്‍ ഗുണഭോക്താക്കളായി. ഇവര്‍ക്ക് 3,75,000 മല്‍സ്യക്കുഞ്ഞുങ്ങളാണ് വിതരണം ചെയ്തത്.
ജനകീയ മല്‍സ്യകൃഷി പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനും അത്യാവശ്യ ചെലവുകള്‍ നിര്‍വഹിക്കുന്നതിനുമായി അക്വാകള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പദ്ധതി 2017-18 സാമ്പത്തിക വര്‍ഷം നടപ്പാക്കി. മൂന്നുലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.
രണ്ടു പട്ടികജാതി ഗുണഭോക്താക്കള്‍ക്കായി പടുതാക്കുളം പദ്ധതി പ്രകാരം 80,000 രൂപ വീതം സബ്സിഡിയായി നല്‍കി. മല്‍സ്യകൃഷിയുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രദര്‍ശനവും ഇക്കാലയളവില്‍ സംഘടിപ്പിച്ചു. ഗുണമേന്മയുള്ള മല്‍സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുക ശ്രമകരമാണെന്നതാണ് ജില്ലയിലെ മല്‍സ്യകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരമായി തളിപ്പുഴയിലും കാരാപ്പുഴയിലും ഫിഷ് സീഡ് ഹാച്ചറികളൊരുങ്ങുകയാണ്. 1,58,20,000 രൂപ ചെലവിലാണ് തളിപ്പുഴ ഹാച്ചറി നിര്‍മാണം. പദ്ധതിയുടെ വെര്‍ട്ടിക്കല്‍ ടാങ്കുകളുടെയും രണ്ടു മീറ്റര്‍ വ്യാസമുള്ള സര്‍ക്കുലര്‍ ടാങ്കുകളുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയായി.
ചുറ്റുമതിലിന്റെയും മറ്റ് ടാങ്കുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. എങ്കിലും ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് ഇവിടെ മല്‍സ്യവിത്തുല്‍പാദനം നടത്തിവരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 16 ലക്ഷത്തില്‍പരം മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് സാമൂഹിക മല്‍സ്യകൃഷി പദ്ധതിയുടെ ഭാഗമായി പുഴകളില്‍ നിക്ഷേപിക്കാനും കര്‍ഷകര്‍ക്കുമായി വിതരണം ചെയ്തു.
160 ലക്ഷം രൂപയാണ് കാരാപ്പുഴ പദ്ധതി പ്രദേശത്ത് ആരംഭിക്കുന്ന മല്‍സ്യവിത്ത് ഉല്‍പാദന കേന്ദ്രത്തിന്റെ അടങ്കല്‍. സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. ടാങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here