ആത്മസമര്‍പ്പണത്തിന്റെ പുണ്യമായി ആറ്റുകാല്‍ പൊങ്കാല

0
128

എല്‍. ആര്‍.വിനയചന്ദ്രന്‍

ആത്മസമര്‍പ്പണത്തിന്റെയും വ്രതസാഫല്യത്തിന്റെയും നാളുകള്‍ വരവായി. ആറ്റുകാലമ്മയ്ക്ക് ഭക്തജനലക്ഷങ്ങള്‍ നിവേദ്യമര്‍പ്പിക്കുന്ന ആ സുദിനം ഇന്നാണ്. പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ അവതരിപ്പിച്ചതിന് ശേഷമാണ് ആ ധന്യനിമിഷം. അപ്പോള്‍ അനന്തപുരി ഒരു യജ്ഞശാലയായി മാറും. അമ്മേ ശരണം, ദേവീ ശരണം എന്നീ ഭക്തിനിര്‍ഭരമായ വിളികള്‍ കൊണ്ട് ആറ്റുകാലും പരിസരവും മുഖരിതമാകും.
കിളളിയാറിന്റെ വരദാനമായ തിരുവനന്തപുരം നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ തെക്ക് മാറിയാണ് ആറ്റുകാല്‍ ശ്രീഭഗവതിക്ഷേത്രം. ഇവിടം കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥാനമാണ്. ക്ഷേത്രത്തിലെ സുപ്രധാന ഉത്സവമാണ് പൊങ്കാല മഹോത്സവം. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലാണ് കേരളത്തിലെ തന്നെ ആദ്യത്തെ പൊങ്കാല മഹോത്സവം നടന്നത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ആറ്റുകാല്‍ പൊങ്കാലയില്‍ നാനാ ദേശത്ത് നിന്നുമുളള ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. ദുരിത നിവാരണത്തിനും അഭീഷ്ടകാര്യസിദ്ധിയ്ക്കുമായാണ് അമ്മയ്ക്ക് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുന്നത്. സ്ത്രീകളുടെ ഒരുമയുടെയും സ്വാതന്ത്ര്യത്തിന്റെയും ആഘോഷം കൂടിയാണ് പൊങ്കാല. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആറ്റുകാല്‍ ക്ഷേത്ത്രിലെ ഉത്സവം ഉത്രം നാളിലാണ് അവസാനിക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമാണ് ഭക്തരുടെ ആറ്റുകാലമ്മ. മനംനൊന്തു വിളിക്കുന്ന ഭക്തന് ആശ്വാസമരുളുന്ന അമ്മ വിളിയ്ക്കുന്നവര്‍ക്ക് വിളിപ്പുറത്താണ്.

ശ്രീപാര്‍വ്വതീദേവി തന്റെ അഭീഷ്ടസിദ്ധിയ്ക്കായി സൂര്യതാപമേറ്റുകൊണ്ട് വായുമാത്രം ഭക്ഷിച്ച് ഒറ്റക്കാലില്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ തപസ്സനുഷ്ഠിച്ചതിന്റെ ഓര്‍മ്മക്കായാണ് പൊങ്കാല സമര്‍പ്പണമെന്ന് വിശ്വസിക്കുന്നവരുണ്ട്. ദാരിക വധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന ചതുര്‍ബാഹു രൂപത്തിലാണ് പ്രതിഷ്ഠ. മഹിഷാസുര വധത്തിന് ശേഷമെത്തുന്ന ദുര്‍ഗ്ഗാദേവിയെ ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചു സ്വീകരിച്ചുവെന്ന് കരുതുന്നവരും കുറവല്ല. നിരപരാധിയായ തന്റെ ഭര്‍ത്താവിനെ വധിച്ച പാണ്ഡ്യരാജാവിനോടുളള പ്രതിഷേധസൂചകമായി മുലപറിച്ചെറിഞ്ഞ് തന്റെ നേത്രാഗ്നിയില്‍ നിന്ന് മധുരയെ ചുട്ടുചാമ്പലാക്കിയ കണ്ണകി കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചതിന്റെ സങ്കല്പമാണ് പൊങ്കാലയെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ദുരിത നിവാരണത്തിനായി അന്നപൂര്‍ണ്ണേശ്വരിയായ ദേവിക്ക് വ്രത ശുദ്ധിയോടെ പൊങ്കാലയര്‍പ്പിക്കുന്നവരാണ് ഭക്തര്‍. മോക്ഷപ്രാപ്തിയിലേയ്ക്കുളള വാതായനം കൂടിയാണ് ഭക്തര്‍ക്ക് ആറ്റുകാല്‍ പൊങ്കാല. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം. ഇതാണ് അമ്മ ദൈവങ്ങളുടെ ആരാധനയിലൂടെ ഭക്തര്‍ കണക്കാക്കുന്നത്.
മുപ്പത്തിമുക്കോടി പരദൈവങ്ങളുടെ ശക്തിയാര്‍ജ്ജിച്ചാണ് ആറ്റുകാലമ്മ പൊങ്കാലദിവസം ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നത്. ആത്മാവ് ദേവിക്ക് സമര്‍പ്പിക്കുന്നതിനാല്‍ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധം. വ്രതം മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം കൂടിയാണ്. ആകെയാല്‍ ഭക്ഷണത്തില്‍ മാത്രം നിയന്ത്രണം പോരാ. കാപ്പുകെട്ടു മുതല്‍ ഒന്‍പത് ദിവസം അമ്മയെ ഭജിച്ച്, ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് മത്സ്യമാംസാദികള്‍ വെടിഞ്ഞ് പൂര്‍ണ്ണമായും ബ്രഹ്മചര്യം അനുഷ്ഠിക്കണം. സത്ചിന്തയാല്‍ നല്ല വാക്കുകളില്‍ സത് പ്രവൃത്തിയും നടത്തണം. പൊങ്കാലയര്‍പ്പിക്കുന്നവര്‍ കോട്ടണ്‍ കോടി വസ്ത്രം ഉപയോഗിക്കുന്നതാകും അഭികാമ്യം.
ആറ്റുകാല്‍ ക്ഷേത്രോത്സവത്തിലെ താലപ്പൊലിയ്ക്കും, കുത്തിയോട്ടത്തിനും പ്രാധാന്യമുണ്ട്. പൊങ്കാല ദിവസം കന്യകമാര്‍ നടത്തുന്ന ചടങ്ങാണ് താലപ്പൊലി. ഒരു താലത്തില്‍ ദീപം കത്തിച്ച്, ചുറ്റും കമുകിന്‍ പൂക്കുല, പൂക്കള്‍, അരി എന്നിവ നിറച്ച് തലയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച കിരീടവും ചൂടി വ്രതശുദ്ധിയോടു കൂടി ദേവിയുടെ എഴുന്നെളളത്തിന്റെ കൂടെ മണക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു സര്‍വ്വൈശ്വര്യത്തിനും, സന്തുഷ്ടമായ വിവാഹജീവിതത്തിനുമായാണ് കന്യകമാര്‍ താലപ്പൊലിയെടുക്കുന്നത്.
പതിമൂന്ന് വയസ്സിന് താെഴയുളള ആണ്‍കുട്ടികളാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത്. മഹിഷാസുരവധത്തിനായി ദേവിയോടൊപ്പം യുദ്ധഭൂമിയിലുണ്ടായിരുന്ന മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ടക്കാര്‍ എന്നാണ് വിശ്വാസം. കാപ്പു കെട്ടി മൂന്നാംനാള്‍ മുതല്‍ ഇവര്‍ വ്രതമനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ക്ഷേത്രത്തില്‍ തന്നെയാണ് കഴിയുന്നത്. വ്രതമാരംഭിച്ചു കഴിഞ്ഞാല്‍ വീട്ടില്‍ നിന്നോ മറ്റ് സ്ഥലങ്ങളില്‍ നിന്നോ ഭക്ഷണം കഴിക്കാന്‍ പാടില്ല. വ്രതക്കാരുടെ ഭക്ഷണം ക്ഷേത്രത്തില്‍ നിന്നുമാണ് നല്‍കുന്നത്. പൊങ്കാല ദിവസം നൈവേദ്യം കഴിഞ്ഞ് വ്രതക്കാരുടെ വാരിയെല്ലിന് താഴെ ചൂരല്‍ കുത്തുന്നു. വെളളിയില്‍ തീര്‍ത്ത നൂലകളാണ് ചൂരലായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഇവര്‍ എഴുന്നെളളത്തിന് അകമ്പടി സേവിക്കുന്നു.

ആറ്റുകാല്‍ എന്ന സ്ഥലനാമം ദ്രാവിഡക്ഷേത്രങ്ങളെ പൊതുവെ കല്ല് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആറുകളുടെ സംഗമസ്ഥാനത്തായതിനാല്‍ ക്ഷേത്രം ആറ്റുകല്ല് എന്നറിയപ്പെട്ടു. പിന്നീട് അത് ആറ്റുകാല്‍ ആയി പരിണമിച്ചു. പൊങ്കാല മണ്‍കലത്തിലിടുന്നതാണ് ഉത്തമം.

LEAVE A REPLY

Please enter your comment!
Please enter your name here