ബാണാസുരമലയില്‍ വന്‍ കാട്ടുതീ; വനഭൂമിയും റവന്യു ഭൂമിയും കത്തി നശിച്ചു

0
6
ബാണാസുമലയിലെ തീ

കല്‍പ്പറ്റ: :ബാണാസുര മലയുടെ മുകള്‍ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാട്ടു തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയും റവന്യു ഭൂമിയും കത്തി നശിച്ചു.അടിക്കാടുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും സൗത്ത് വയനാട് വനം ഡിവിഷന്റെ കീഴിലുമുള്ള വന പ്രദേശത്താണ് ഒരേസമയത്ത് തീപ്പിടുത്തമുണ്ടായത്.വാളാരംകുന്ന് മലയുടെ മുകള്‍ ഭാഗത്തുള്ള റവന്യു ഭൂമിയില്‍ നിന്നാണ് തീഉയര്‍ന്നതെന്നാണ് നിഗമനം.പിന്നീട് ഇത് കാപ്പിക്കളം ഭാഗത്തേക്കു പടരുകയായിരുന്നു. കനത്ത കാറ്റ് കാരണം വെള്ളിയാഴ്ച രാത്രിയില്‍ തീ നിയന്ത്രിരക്കാനാവാതെ ആളിപ്പടരുകയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെ മാനന്തവാടി സെക്ഷന് കീഴിലുള്ള ഭാഗം ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.ഡി എഫ് ഒ ആര്‍ കീര്‍ത്തി റെയിഞ്ച് ഓഫീസര്‍ ബിജു കെ വി,സ്പെഷ്യല്‍ അഷ്റഫ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബാലകൃഷ്ണന്‍,കേളു തുടങ്ങി ഫയര്‍ഗേംഗ്ിലെ 25 ഓളം പേരും മറ്റ് ജീവനക്കാരും ചേര്‍ന്നാണ് തീ കൂടുതല്‍ വനമേഖലയിലേക്ക് പടരുന്നത് തടഞ്ഞത്.
എന്നാല്‍ കാപ്പിക്കളം ഭാഗത്ത് നിന്നുണ്ടായ തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയിലെ പുല്‍ക്കാടുകള്‍ ഇന്നലെയും കത്തിക്കൊണ്ടിരിക്കുകയാണ്.ഒരു വിധത്തിലും എത്തിപ്പെടാന്‍ കഴിയാത്ത ഭാഗങ്ങളിലാണ് തീ കത്തുന്നത്.
ഇത് താഴ്ഭാഗങ്ങളിലേക്കെത്താതിരിക്കാനുള്ള പരിശ്രമങ്ങളാണ് വനം വകുപ്പ് നടത്തി വരുന്നത്. ജില്ലയില്‍ കാട്ടുതീ വ്യാപിക്കുന്നതു തടയാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇടപെടും. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ എ പി ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. വിവിധ വനം ഡിവിഷനുകളിലുണ്ടായ കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റേഞ്ചിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. കാട്ടുതീ മൂലമുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവല്‍ക്കരണം വേണം. ഇക്കാര്യത്തിലാവും ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടലുണ്ടാവുക. സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ ഷജ്നയാണ് വിഷയം യോഗത്തിലുന്നയിച്ചത്. മനുഷ്യസൃഷ്ടിയായ കാട്ടുതീ തടയാന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ വനംവകുപ്പിനോട് സഹകരിക്കണമെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here