ജില്ലാ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്: വിജയത്തേരില്‍ അച്ഛനും മകനും

0
17

വി എസ് അഭിനവ്രാജ് മാതാപിതാക്കളോടും സഹോദരനോടുമൊപ്പം

കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍ ബ്ലിറ്റ്സ് സെലക്ഷന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പിതാവിനെ വെട്ടിനിരത്തി മകന്‍ ജേതാവായി. കേണിച്ചിറ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വി എസ് അഭിനവ്രാജാണ് കലാശക്കളിയില്‍ പിതാവും പരിശീലകനുമായ ചൂതൂപാറ വട്ടക്കാവില്‍ വി.ആര്‍. സന്തോഷിനെ രണ്ടാം സ്ഥാനത്തേക്കു തളളിയത്. തലശേരിയില്‍ 24നു നടക്കുന്ന സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ അച്ഛനും മകനും പ്രതിനിധാനം ചെയ്യും. ബത്തേരി മിന്റ്മാള്‍ ഹാളില്‍ നടന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ 30 ഓളം ഫിഡെറേറ്റഡ് താരങ്ങളടക്കം 35 പേരാണ് പങ്കെടുത്തത്.
ആദ്യ റൗണ്ടില്‍ പിതാവുമായി സമനില പാലിച്ച അഭിനവ്രാജ് തുടര്‍ന്നുള്ള എല്ലാ റൗണ്ടുകളിലും വിജയിച്ചാണ് ജേതാവായത്. ഫിഡെറേറ്റഡ് താരവും അണ്ടര്‍-25 ജില്ലാ ചാമ്പ്യനുമായ വി.എസ്. ആനന്ദ്രാജിനാണ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം. അഭിനവ്രാജിന്റെ ജ്യേഷ്ഠനാണ് കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആനന്ദ്രാജ്. വയനാടന്‍ ചെസ് ലോകത്ത് ബാല്യത്തിലേ ശ്രദ്ധേയനായിരിക്കയാണ് 1184 ഫിഡെ റേറ്റിംഗ് പോയിന്റുള്ള അഭിനവ്രാജ്.
കഴിഞ്ഞ വര്‍ഷം ബത്തേരിയില്‍ നടന്ന ജനകീയ ചെസ് മത്സരത്തില്‍ 35 സീനിയര്‍ കളിക്കാരുമായി ഒരേ സമയം മത്സരിച്ച അഭിനവ്രാജ് 32 പേരെ പരാജയപ്പെടുത്തി. 2018ലെ സംസ്ഥാന അണ്ടര്‍-10 ഓപ്പണ്‍ ജൂണിയര്‍ ചെസ് ചാമ്പ്യനായിരുന്ന ഈ ബാലന്‍ സംസ്ഥാന സ്‌കൂള്‍ ചെസ് യുപി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇ.ബി. ഷിജിയാണ് മാതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here