പഞ്ചവടി കടപ്പുറത്ത് കടലാമകള്‍ വിരിഞ്ഞിറങ്ങി

0
18
ഗ്രീന്‍ ഹാബിറ്റാറ്റിന്റെ പ്രവര്‍ത്തകര്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കുന്നു.

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്ത് കടലാമകള്‍ വിരിഞ്ഞിറങ്ങി. ഈ സീസണില്‍ ആദ്യം കൂടുവച്ച കടലാമയുടെ തൊണ്ണൂറ്റി ഒന്ന് മുട്ടകളില്‍ എണ്‍പത്തിയൊന്ന് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്.
ഗുരുവായൂര്‍ ഗ്രീന്‍ ഹാബിറ്റാറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടര്‍ട്ടില്‍ വാക്കിനിടെയാണ് കടലാമ കൂടുവയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തിരയില്‍ നിന്ന് നാല്‍പതടിയോളം അകലെയാണ് കടലാമ കൂടുവച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്ന ജീവി വര്‍ഗമാണ് കടലാമകള്‍.
എന്നാല്‍ കടലാമകളുടെ മുട്ടകള്‍ കടപ്പുറത്ത് നിന്ന് ശേഖരിച്ച് പ്രാദേശിക കടകളില്‍ വില്‍പ്പനയ്ക്ക് വക്കുന്നത് പതിവായിരുന്നു. ഈ പ്രവണതയ്‌ക്കെതിരെ ഗ്രീന്‍ഹാബിറ്റാറ്റ് പ്രാദേശികമായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്.
പിന്നീട് കടപ്പുറത്തെ മത്സ്യതൊഴിലാളികളും യുവജന സംഘടനകളും ക്ലബുകളുമൊക്കെ പിന്തുണയുമായി എത്തുകയായിരുന്നു. എന്‍.ജെ. ജെയിംസ്, ലോക്കല്‍ ഫോട്ടോ ഗ്രാഫറും ഗ്രീന്ഡ ഹാബിറ്റാറ്റിന്റെ കടലാമ സംരക്ഷണ ഓഫീസറുമായ സലിം ഐഫോക്കസ്, മറൈന്‍ ബയോളജിസ്റ്റ് ഡോ. സുജിത് സുന്ദരത്തിന്റേയും നേതൃത്വത്തില്‍ പഞ്ചവടി കടപ്പുറത്ത് ഹാച്ചറിയും ടര്‍ട്ടില്‍ റെസ്‌ക്യു സെന്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഇതുവരെ മൂവായിരത്തി അഞ്ഞൂറോളം കടലാമ കുഞ്ഞുങ്ങളെ കടലിലേയ്ക്കിറക്കിയിട്ടുണ്ട്. ഇപ്രാവശ്യം ജനുവരി നാലിനാണ് കടലാമകള്‍ മുട്ടയിടാനെത്തിയത്.
മുട്ടകള്‍ ഹാച്ചറിയിലേയ്ക്ക് മാറ്റി നീണ്ട നാല്പ്പത്തിയെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് 81 കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്.
പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷ്‌റ ഷംസുദ്ദീന്‍, സൊസൈറ്റി പ്രസിഡന്റ് കാട്ടി അബ്ദുറഹിമാന്‍, ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ്,
ഗ്രീന്‍ ഹാബിറ്റാറ്റ് കടലാമ സംരക്ഷണ ഓഫീസര്‍ സലിം ഐഫോക്കസ്, ഡോ. സുജിത് സുന്ദരം എന്നിവര്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കാന്‍ പഞ്ചവടി കടപ്പുറത്തെത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here