മണ്ണാര്‍ക്കാട് മേഖലയില്‍ മണ്ണ്കടത്ത് വ്യാപകം: നടപടിയെടുക്കാതെ അധികൃതര്‍

0
22

മണ്ണാര്‍ക്കാട്: മേഖലയില്‍ അറുതിയില്ലാതെ മണ്ണ് കടത്ത്. അറിഞ്ഞിട്ടും അറിയാതെ അധികൃതര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയില്‍ മണ്ണ് കടത്ത് വ്യാപകമായിട്ട്.
തെങ്കര പഞ്ചായത്തിലെ മേലാമുറി, പറശ്ശേരി, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാളയംകോട്, മണ്ണാര്‍ക്കാട് നഗരസഭയിലെ ശിവന്‍കുന്ന്, കുന്തിപ്പഴ ബൈപാസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വ്യാപകമായി മണ്ണ് കടത്തുന്നുണ്ട്.
വീടിന്റെ തറ നിറയ്ക്കാനായി 10 മുതല്‍ 15 ലോഡ് വരെ കൊണ്ടു പോകുന്നതിന് സംഘടിപ്പിക്കുന്ന അനുമതിയുടെ മറവിലാണ് ഈ കടത്ത്.
ഇത്തരത്തില്‍ ഓരോ അനുമതിയുടെ മറവില്‍ നൂറു കണക്കിനു ലോഡാണ് കൊണ്ടു പോകുന്നത്. ഇത് ഉദ്യോഗസ്ഥര്‍ക്കും അറിയാം.
കാളയംകോട് നിന്ന് 100 ലോഡില്‍ താഴെ കൊണ്ടു പോകാനാണ് അനുമതിയെന്നാണ് അറിയുന്നത്. 4 ദിവസമായി ഇവിടെ നിന്ന് ഇടതടവില്ലാതെ മണ്ണ് കടത്തുന്നുണ്ട്. പൊലീസ്, റവന്യു അധികൃതര്‍ക്ക് അറിവുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല.
മണ്ണാര്‍ക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിസരം സദാസമയവും മണ്ണ് മാഫിയകളുടെ പ്രതിനിധികളുടെ നിരീക്ഷണത്തിലാണ്.അതുകൊണ്ടു തന്നെ പൊലീസിന്റെ നീക്കങ്ങള്‍ ഇവര്‍ കൃത്യമായി അറിയുന്നുണ്ട്. ശുദ്ധജല ക്ഷാമം ഏറ്റവും രൂക്ഷമായി കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തില്‍ മണ്ണെടുക്കലും പാടം നികത്തലും നടക്കുന്നത്. ഇതിന് ബന്ധപ്പെട്ടവര്‍ കൂട്ടു നില്‍ക്കുകയും ചെയ്യുന്നു. ഭൂമിക്കു താഴെയുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന താലൂക്ക് വികസന സമിതിയില്‍ പോലും മണ്ണെടുപ്പ് ചര്‍ച്ചയ്ക്ക് വരുന്നില്ല എന്നതാണ് വസ്തുത. പൊതു പ്രവര്‍ത്തകരെയും മണ്ണ് മാഫിയ മിണ്ടാട്ടമില്ലാത്തവരാക്കി എന്നു വേണം കരുതാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here