വയനാട്ടില്‍ കത്തിനശിച്ചത് 119.7 ഹെക്ടര്‍ വനം

0
3

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ മൂന്നു ഡിവിഷനുകളിലായി കത്തിനശിച്ചത് 119.7 ഹെക്ടര്‍ വനം. വയനാട് വന്യജീവി സങ്കേതത്തില്‍ 17 സംഭവങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്‌നിക്കിരയായി. നോര്‍ത്ത് വയനാട് ഡിവിഷനില്‍ അഞ്ചിടങ്ങളിലായി 6.6 ഹെക്ടറാണ് കത്തിനശിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കാട്ടുതീ ബാധ കുറവാണെന്നും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ബന്ദിപ്പൂര്‍, മുതുമല ഭാഗങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്.
ഇതു വയനാട്ടിലെത്തുന്നതു തടയാന്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കാടിനു തീയിടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം.
അടിയന്തര ഘട്ടങ്ങളില്‍ വ്യോമസേനയുടെ സഹായം തേടും. റോഡ് സൗകര്യമുള്ള പ്രദേശങ്ങളില്‍ വനംവകുപ്പിനെ സഹായിക്കാന്‍ അഗ്‌നിശമനസേന സജ്ജമാണ്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫയര്‍ ജാക്കറ്റുകള്‍ വനംവകുപ്പിന് ലഭ്യമാക്കും. പ്രശ്‌നബാധിത മേഖലകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചതായും വന്യജീവി സങ്കേതത്തില്‍ ആവശ്യമെങ്കില്‍ വോളന്റിയര്‍മാരുടെ സഹായം തേടുമെന്നും വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവികള്‍ നാട്ടിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘര്‍ഷമുണ്ടാവുന്ന പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. കുറിച്യാട് റേഞ്ചില്‍ കാടിനു തീപ്പിടിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് പോലീസിന് കൈമാറി. ഇതിന്മേലുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ വനംവകുപ്പിന്റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തും. കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ പോലിസ് സൂപ്രണ്ട് ആര്‍ കറുപ്പസാമി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍, ഡിഎഫ്ഒമാരായ പി രഞ്ജിത്കുമാര്‍, ആര്‍ കീര്‍ത്തി, സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ ഷജ്‌ന, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here