കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച് കാട്ടാന കൂട്ടങ്ങള്‍

0
25

പനമരം: കൃഷിയിടങ്ങളില്‍ താണ്ഡവമാടി കാട്ടാന കൂട്ടങ്ങള്‍. കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം മൂലം ജനജീവിതം സ്തംഭിച്ചു. എടക്കാട് വയലിലെ വാഴ, കമുക് കൃഷികള്‍ ആനകള്‍ നശിപ്പിച്ചു. വനം വകുപ്പിന്റെ അനാസ്ഥയില്‍ വ്യാപക പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയില്‍. വേനല്‍ കടുത്തതോടെ തീറ്റയും വെള്ളവും തേടി കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന കാട്ടാനകൂട്ടങ്ങള്‍ കൃഷി നാശത്തിന് പുറമേ മനുഷ്യ ജീവനും ഭീഷണിയുയര്‍ത്തുന്നു. മാസങ്ങളായി കേണിച്ചിറ, എടക്കാട്, കേളമംഗലം വനാതിര്‍ത്തി പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുകയാണ്. പട്ടാപകല്‍ പോലും കാട്ടാനകള്‍ കൃഷിയിടത്തില്‍ തമ്പടിക്കുന്നു. ആനശല്യം കാരണം എടക്കാട് വയലില്‍ കര്‍ഷകര്‍ക്ക് ഒരു തരത്തിലുള്ള കൃഷിയും ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. എടക്കാട് വയലില്‍ ആനക്ക് കാവല്‍ നിന്ന് വാഴകൃഷിയിറക്കിയ കൈപുള്ളിമാലില്‍ സതീഷിന്റെ അവസാനത്തെ വാഴയും ആനകളുടെ താണ്ഡവത്തില്‍ നശിച്ചതിന്റെ നിരാശയിലാണ് ഈ കര്‍ഷകന്‍. കൃഷി നശിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും രണ്ടും, മൂന്നും തവണ വിളിച്ചാല്‍ മാത്രമേ അധികൃതര്‍ സ്ഥലത്ത് എത്തുകയുള്ളു എന്ന ആരോപണവും കര്‍ഷകര്‍ ഉന്നയിക്കുന്നു. എടക്കാട് വയലില്‍ ഒരു കൃഷിയും ഇറക്കാനാവാതെ വയല്‍ തരിശിട്ടിരിക്കുകയാണ്. കരിങ്കല്‍ ഭിത്തി കെട്ടാത്ത ഭാഗത്ത് കൂടിയാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്. വൈദ്യുതി വേലിയും ആനകള്‍ തകര്‍ക്കുന്നു. സന്ധ്യ മയങ്ങിയാല്‍ കേണിച്ചിറ ടൗണില്‍ അടക്കം കാട്ടാനകള്‍ എത്തുന്നുണ്ട്. ആനശല്യം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധവും വനംവകുപ്പിനെതിരെ ഉയരുന്നുണ്ട്. ഇത്തരത്തില്‍ ജനജീവിതം ദുരിതത്തിലാക്കുന്ന തരത്തില്‍ വന്യമൃഗശല്യം കാരണം കര്‍ഷകര്‍ ആത്മഹത്യ വക്കിലാണന്നും കര്‍ഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here