സി.പി.എം സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം; പ്രഖ്യാപനം വെള്ളിയാഴ്ച; പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്, എറണാകുളത്ത് പി. രാജീവ്, വടകരയില്‍ പി. ജയരാജന്‍

0
6

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമാകാതിരുന്ന പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് എല്‍.ഡി.എഫില്‍ ധാരണയായി. പത്തനംതിട്ടയില്‍ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജും എറണാകുളത്ത് മുന്‍ എം.പി പി.രാജീവും മത്സരിക്കും. ചാലക്കുടിയില്‍ സിറ്റിങ് എം.പി ഇന്നസെന്റ് തന്നെയാണ് സ്ഥാനാര്‍ത്ഥി.

വടകര ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. യോഗത്തില്‍ പി. സതീദേവിയുടെയും പി.എ. മുഹമ്മദ് റിയാസിന്റെയും വി. ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി. ജയരാജനെ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ ശക്തനായ ഒരു സ്ഥാനാര്‍ഥി വേണമെന്നതിനാലാണ് പി. ജയരാജനെ സി.പി.എം മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിലെ ഭൂരിപക്ഷം പേരും പി. ജയരാജന്റെ പേരിനെയാണ് പിന്തുണച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല എന്നുള്ളതും ആര്‍.എം.പിക്ക് സ്വാധീനം കുറഞ്ഞതും ഗുണകരാകുമെന്നും ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നു. ഒപ്പം മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ലോക് താന്ത്രിക് ജനതാദള്‍ മുന്നണിയില്‍ തിരിച്ചെത്തിയതും ഗുണംചെയ്യുമെന്നാണ് കരുതുന്നത്.

അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ. സിന്ധുമോള്‍ ജേക്കബ് വന്ന കോട്ടയം മണ്ഡലത്തിന്റെ കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ലെന്നാണു സൂചന. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ പേരും സജീവപരിഗണനയിലാണ്. പി.ജെ. ജോസഫ് എല്‍.ഡി.എഫിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ കോട്ടയം മണ്ഡലം വിട്ടുകൊടുക്കാനും ആലോചനയുണ്ട്.

സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതതു മണ്ഡലം കമ്മറ്റികളില്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യും. സിറ്റിങ് എം.പിമാരില്‍ ആറു പേരെയും മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. പൊന്നാനി മണ്ഡലത്തില്‍ തവനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാനാകും സ്ഥാനാര്‍ഥിയെന്നും പറയപ്പെടുന്നു. കോഴിക്കോട് എ. പ്രദീപ്കുമാറിന്റെ കാര്യത്തില്‍ മാറ്റമുണ്ടാകാനിടയില്ല.

കൊല്ലം, കാസര്‍കോട് മണ്ഡലങ്ങളില്‍ കെ. എന്‍. ബാലഗോപാല്‍, കെ.പി സതീശ്ചന്ദ്രന്‍ എന്നിവര്‍ തന്നെ മത്സരിക്കും. കഴിഞ്ഞദിവസം പുറത്തു വന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകളില്‍ മാറ്റമില്ല. ഘടകകക്ഷികള്‍ക്ക് സീറ്റില്ല എന്ന കാര്യം ഔദ്യോഗികമായി തന്നെ സി.പി.എം അവരെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here