ബണ്ടു പൊട്ടി കനാല്‍ ജലം വീട്ടിലേക്ക് കുത്തിയൊഴുകി

0
17

വിഴിഞ്ഞം: കോട്ടുകാല്‍ വേങ്ങപ്പൊറ്റയില്‍ ബണ്ടു പൊട്ടി കനാല്‍ ജലം കുത്തിയൊഴുകി. ഇന്നലെ പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ സമീപത്തെ വീടും വീട്ടുകാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴക്കൂട്ടം-കാരോട് ബൈപാസിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്ന ഭാഗത്ത് ഗതിമാറ്റി വിട്ട കനാലില്‍ എത്തിയ ജലമാണ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബണ്ടു തകര്‍ത്ത് വീടിനു നേര്‍ക്ക് കുത്തിയൊഴുകിയത്.വേങ്ങപ്പൊറ്റ വടക്കേതട്ട് ചൂണ്ടവിളാകത്ത് വീട്ടില്‍ ശിശുപാലനും കുടുംബവുമാണ് രക്ഷപ്പെട്ടത്. വെള്ളം കുത്തിയൊഴുകിയെത്തുന്ന ശബ്ദം കേട്ട ഗൃഹനാഥന്‍ കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള വീട്ടുകാരുമായി അയല്‍ വീടുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ശക്തിയായി ഒഴുകിയെത്തിയ വെള്ളത്തില്‍ വീടു പകുതിയും മുങ്ങി. പകുതിയോളം ചെളി നിറഞ്ഞ മുറ്റത്തു കൂടി വീട്ടിലേക്ക് കടക്കാനാകാത്ത സ്ഥിതിയാണ്. ദൂരെയുള്ള ഷട്ടര്‍ അടച്ചാണ് ഒഴുക്കു നിര്‍ത്തിയത്. എങ്കിലും കെട്ടിനില്‍ക്കുന്ന ജലം ശേഷിക്കുന്ന ബണ്ടു കൂടി തകര്‍ത്താല്‍ സമീപത്തെ മറ്റു വീടുകള്‍ ഭീഷണിയിലാവും. അശാസ്ത്രീയമായ ഗതിമാറ്റലും ശേഷി കുറഞ്ഞ ബണ്ടുമാണ് വെള്ളം കുത്തിയൊഴുകാന്‍ കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി ഏറ്റെടുക്കാന്‍ നടപടികളായ വീടാണ് മുങ്ങിയത്. പിന്നീട് അധികൃതര്‍ വീട് ഒഴിവാക്കിയെന്നു വീട്ടുടമ പരാതിപ്പെട്ടു. റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തകര്‍ച്ചാ ഭീഷണിയിലായ തന്റെ സ്ഥലവും വീടും ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നു ശിശുപാലന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here