തൃശൂര്‍: ഈടില്ലാതെ കോടികളുടെ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള യുവ സംഘത്തെ പോലീസ് അറസ്റ്റ്ചെയ്തു. മലപ്പുറം പാണ്ടിക്കാട് കേളപ്പറമ്പ് പുത്തിലത്ത് രാഹുല്‍, റാന്നി സ്വദേശി ജിബിന്‍ ജീസസ് ബേബി, കോട്ടയം തിരുവാര്‍പ്പ് ചിറയില്‍ ഷമീര്‍, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് മാലോം പുളിക്കല്‍ ജെയ്സണ്‍, വടകര പാതിരപ്പറ്റ മാടന്നൂര്‍ വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒന്നാം പ്രതിയായ തിരുവല്ല സ്വദേശി വിനയ് പോളിനെ പിടികൂടാനായിട്ടില്ല. മാള സ്വദേശി സുജേഷിന്റെ പരാതിയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ സുജേഷിന് എട്ട് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സുജേഷിന് അഞ്ച് കോടി രൂപ വസ്തു ഈടില്ലാതെ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ സംസ്ഥാനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.