കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് ജോസഫ്; ഇടുക്കി വിട്ടുകൊടുക്കാന്‍ ഹൈക്കമാന്‍ഡിനു താത്പര്യമില്ല

0
6

ഇടുക്കി: ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന പ്രതീക്ഷ കൈവിടാതെ പി.ജെ ജോസഫ്. ഇക്കാര്യം ജോസഫ് പ്രവര്‍ത്തകരുമായും പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു.

എന്നാല്‍ ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് വേണമെന്നും, ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരിക്കുകയാണ്.
പിജെ ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വവും പ്രകടിപ്പിക്കുന്നത്. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് അവര്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങളെ അറിയിച്ചു കഴിഞ്ഞു. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യൂത്ത് കോണ്‍ഗ്രസിനും കടുത്ത എതിര്‍പ്പാണ്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കുവച്ചതെന്നാണ് വിവരം. ഇതോടെ പിജെ ജോസഫിന്റെ കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് മുന്നണിക്കകത്ത് നിലനില്‍ക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരും വരെ കാക്കാനാണ് പിജെ ജോസഫിന്റെ തീരുമാനം. കെഎം മാണി -പിജെ ജോസഫ് തര്‍ക്കം പിളര്‍പ്പിലേക്ക് എത്തിയ സാഹചര്യത്തില്‍ ജോസഫിനെ കൂടി കൂടെ കൂട്ടിക്കൊണ്ടുള്ള അനുനയ നീക്കങ്ങളാണ് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം മുന്‍കയ്യെടുത്ത് നടത്തുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here