കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്; വേണുഗോപാലും ഉമ്മന്‍ചാണ്ടിയും മത്സരിച്ചേക്കും

0
1

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമരൂപമായതായി സൂചന. ഇതുസംബന്ധിച്ച അന്തിമവട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായി പരിഗണിക്കുന്ന വയനാട്ടില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മല്‍സരിച്ചേക്കും. കെ സി വേണുഗോപാല്‍ മല്‍സര രംഗത്ത് വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെയും അഭിപ്രായം. കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം സജീവമായി ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ കെ സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും മല്‍സരിക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാകും അന്തിമ തീരുമാനം എടുക്കുക.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എംഎല്‍എ മല്‍സരിച്ചേക്കുമെന്നാണ് സൂചന. ആലപ്പുഴയിലും അടൂര്‍ പ്രകാശിന്റെ പേര് പട്ടികയിലുണ്ട്. ഷാനിമോള്‍ ഉസ്മാന്റെ പേരും ആലപ്പുഴയിലേക്ക് പരിഗണിക്കുന്നു. എന്നാല്‍ വയനാട് സീറ്റിനോടാണ് ഷാനിമോള്‍ക്ക് താല്‍പ്പര്യം. കെ സി വേണുഗോപാല്‍ വയനാട്ടില്‍ മല്‍സരിച്ചില്ലെങ്കില്‍ ഷാനിമോള്‍ക്ക് നല്‍കാനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് ശശി തരൂരും, കണ്ണൂരില്‍ കെ സുധാകരനും, കാസര്‍കോട് സുബ്ബറായിയും സ്ഥാനാര്‍ത്ഥികളായേക്കും. ഇവരുടെ പേരുകള്‍ തത്വത്തില്‍ അംഗീകരിക്കപ്പെട്ടതായാണ് സൂചന. തൃശൂരില്‍ ടി എന്‍ പ്രതാപന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മല്‍സരിച്ചില്ലെങ്കില്‍ യുവ നേതാവ് നിയാസ് ചിതറയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യവും, ന്യൂനപക്ഷ വിഭാഗക്കാരന്‍ എന്നതും ഗുണം ചെയ്യും എന്നാണ് അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നവര്‍ അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here