വേണുഗോപാലിന്റെ പിന്മാറ്റം; ആലപ്പുഴയില്‍ ഇടതിന്റെ പ്രതീക്ഷ വാനോളം

0
3

ഷാജഹാന്‍ കെ ബാവ

ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ എന്നും ഇടതിന് ആലപ്പുഴയില്‍ ബാലികേറാമല തന്നെ. എന്നാല്‍ ഇക്കുറി പ്രതീക്ഷ വാനോളമാണ്. സിറ്റിംഗ് എംപി കെ സി വേണുഗോപാലിന്റെ മണ്ഡലത്തില്‍നിന്നുളള പിന്മാറ്റം ഇടത് ക്യാംപില്‍ വന്‍ പ്രതീക്ഷയാണ് തീര്‍ത്തിട്ടുളളത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പെ സ്ഥാനാര്‍ത്ഥി പട്ടിക നിശ്ചയിച്ച ഇടതുമുന്നണി പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ വരെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.റോഡ് ഷോകളും മണ്ഡല പര്യടനങ്ങളും നടത്തിവരുന്ന ഇടതുമുന്നണിക്ക് ഇനി മുന്നോട്ട് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരണം. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാനുളള വ്യഗ്രത ഇടത് ക്യാംപുകളില്‍ നിലനില്‍ക്കുകയാണ്. സിറ്റിംഗ് എം പി കെ സി വേണുഗോപാല്‍ മല്‍സരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷ മുന്നണി. ഇടതിന്റെ ഏക പ്രതീക്ഷയും അതാണ്.യു ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവരാനിരിക്കെ കരുത്തരായ ആരെയും നേരിടാന്‍ ഇടത് മുന്നണി പ്രാപ്തമല്ല. അതുക്കൊണ്ടുതന്നെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മാത്രമെ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുളളു. അടൂര്‍ പ്രകാശ് , പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസമാന്‍, എം ലിജു എന്നിവരാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇവരില്‍ സ്ഥാനാര്‍ത്ഥി ഷാനിമോളായിരിക്കണം എന്നാണ് ഇടത് ക്യാംപിന്റെ പ്രാര്‍ത്ഥന.

എന്നും വലത്തോട്ട് ഒഴുകുന്ന ആലപ്പുഴയുടെ ഗതിതിരിച്ചുവിടാന്‍ അവസരം കാക്കുന്ന ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടാമാകും. 1962 ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പി കെ വാസുദേവന്‍നായര്‍ ലോക്സഭയിലെത്തിയശേഷം 77 ല്‍ മാത്രമാണ് സി പി എമ്മിനുവേണ്ടി സുശീലാ ഗോപാലന്‍ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് 91 ല്‍ ടി ജെ ആഞ്ചലോസ് വക്കംപുരുഷോത്തമനില്‍നിന്നും മണ്ഡലം പിടിച്ചെങ്കിലും വി എം സുധീരന്‍ തിരിച്ചുപിടിച്ചു. എന്നാല്‍ 2004 ല്‍ വി എം സുധീരന്റെ അപരനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട സി പി എം ആയിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഡോ. കെ എസ് മനോജിനെ പാര്‍ലമെന്റില്‍ എത്തിച്ചു. അപരന്‍ വി എസ് സുധീരന്‍ 8900 വോട്ടുകള്‍ പിടിച്ചുമാറ്റി. മനോജ് ആകട്ടെ പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. കഴിഞ്ഞ 12 തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണമാത്രമാണ് ഇടതുമുന്നണിക്ക് ആലപ്പുഴയില്‍ വിജയം കാണാന്‍ കഴിഞ്ഞത്. വീണ്ടും ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ പന്ത് ഇടതുമുന്നണിയുടെ കോര്‍ട്ടിലാണ്. വലത് മുന്നണി സ്ഥാനാര്‍ത്ഥി കരുത്തനായാല്‍ ഗോള്‍ നേടാന്‍ ഇടതിനു വിയര്‍ക്കേണ്ടിവരും. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം കോണ്‍ഗ്രസ് ക്യാംപുകളില്‍ ആശങ്ക പരത്തുന്നില്ല. സ്ഥാനാര്‍ത്ഥി എത്തിയാല്‍ പ്രചരണം ശരവേഗത്തിലാകുമെന്നാണ് കെ പി സി സി വൈസ് പ്രസിഡന്റും മാവേലിക്കര എം പിയുമായ കൊടിക്കുന്നില്‍ സുരേഷ് പറയുന്നത്. മാത്രമല്ല സംസ്ഥാനത്തെ ഭരണ കെടുകാര്യസ്ഥതയും ക്രമസമാധാന തകര്‍ച്ചയും സി പി എം നേരിടുന്ന കനത്തവെല്ലുവിളിയാണ്. ഇതിനെ തടയിടനാണ് പ്രചരണത്തിന് നേരത്തെ ഇറങ്ങിയത്. ഇത് ജനങ്ങള്‍ തിരിച്ചറിയും. സംസ്ഥനാത്ത് വി എസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടുളള എ എം ആരിഫിന്റെ വിജയ സാധ്യത പാര്‍ട്ടി തന്നെ തീരുമാനിക്കണം. പാര്‍ട്ടി നിരീക്ഷണത്തിലിരിക്കുന്ന എം എല്‍ എയായ ആരിഫ് സുധാകര ഭക്തനല്ലാത്തത് യു ഡി എഫിന് ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മാത്രമല്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു കെ സി വേണുഗോപാലിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഹരിപ്പാട് ഒഴിച്ചാല്‍ ജില്ലയിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി എം എല്‍ എമാരാണുളളത്. മൂന്നു മന്ത്രിമാര്‍ കൈയടക്കിയ ജില്ലയിലെ ഒരു മണ്ഡലത്തില്‍പോലും അന്ന് ചന്ദ്രബാബുവിന് മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സാക്ഷാല്‍ എ എം ആരിഫ് എം എല്‍ എയുടെ മണ്ഡലമായ ആരൂരിലും കെ സി മൃഗീയ ഭൂരിപക്ഷമാണ് നേടിയത്. ജി സുധാകരനും ഡോ. തോമസ് ഐസക്കും പ്രചരണത്തിന് നേരിട്ട് ചുക്കാന്‍ പിടിച്ചിട്ടും ഇവരുടെ മണ്ഡലങ്ങളില്‍പോലും കെ സിയെ പിന്നിലാക്കാന്‍ കഴിഞ്ഞില്ല. അതേസമയം സോളാര്‍ വിവാദത്തില്‍ കുരുങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ പലരും തെരഞ്ഞെടുപ്പ് രംഗത്ത് തണുപ്പന്‍ മട്ടിലാണ് പ്രചരണം നടത്തിയത്. ഈ അനുകൂല സാഹചര്യംപോലും സി പി എമ്മിന് മുതലാക്കാന്‍ പറ്റിയിരുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചരണത്തിലും ഏറെ മുന്നേറിയ ഇടതുമുന്നണിയെ തളക്കാന്‍ യു ഡി എഫ് അരയും തലയും മുറുക്കി ഇറങ്ങേണ്ടിവരുമെന്ന് തീര്‍ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here