ആര്‍എസ്എസിന്റെ കടുംപിടുത്തം സുരേന്ദ്രന് പത്തനംതിട്ട ഉറപ്പാക്കി; സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അണികള്‍ അസ്വസ്ഥര്‍; ഇന്നും ഉറപ്പില്ല

0
7

ന്യൂഡല്‍ഹി: ആര്‍എസ്എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ കെ. സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് ഉറപ്പായി. ശബരിമല പ്രക്ഷോഭത്തിന്റെ മുഖമായ കെ സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന ആര്‍എസ്എസിന്റെ നിലപാടാണു നിര്‍ണായകമായത്. ബിജെപിയുടെ പട്ടിക സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്നും സൂചനയുണ്ട്. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്.

പത്തനംതിട്ടയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്തേക്ക് മാറി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കണ്ണന്താനം നിലപാടു മാറ്റിയത്. തര്‍ക്കമൊഴിവാക്കാനായി പത്തനംതിട്ടയിലുള്ള അവകാശവാദം ശ്രീധരന്‍പിള്ളയും ഉപേക്ഷിച്ചു. മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതിനു പകരം സ്ഥാനാര്‍ഥികളുടെ വിജയത്തിനു പ്രവര്‍ത്തിക്കാനാണു താത്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. ശ്രീധരന്‍ പിള്ളയ്ക്ക് പുറമെ ജനറല്‍ സെക്രട്ടറി എംടി രമേശ്, ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് എന്നിവരും മത്സര രംഗത്തു നിന്നു പിന്‍മാറി.

തര്‍ക്കം മൂലം മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഇല്ലാതെ വരരുതെന്നു കേന്ദ്ര തിരഞ്ഞെടുപ്പു സമിതി നിര്‍ദേശിച്ചു. ഇതോടെ ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലിലും എഎന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും ജനവിധി തേടാനിറങ്ങും. പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ച് സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

അതേസമയം മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിത്വം രാജിവച്ച് മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. ജയിക്കുമോ തോല്‍ക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ എന്ന് തുഷാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here